ഇന്ത്യയിൽ കോഫി എന്നത് കേവലം ഒരു പാനീയം മാത്രമല്ല, പകരം ഇന്ത്യക്കാരുടെ വികാരം കൂടിയാണ്. അതുകൊണ്ട് തന്നെയാണ് സ്റ്റാർബക്‌സ് മുതൽ, കഫേ കോഫി ഡേ വരെയുള്ള ബ്രാൻഡുകൾ ഇന്ത്യയിൽ ഇത്രയേറെ വേരുറപ്പിച്ചതും. ഇത്തരം മുൻനിര ബ്രാൻഡുകൾക്കെല്ലാം ഇന്ത്യയ്ക്കകത്ത് വലിയ ജനപ്രീതി തന്നെയാണുള്ളത്.
ഇപ്പോഴിതാ ഇന്ത്യൻ വിപണിയിൽ നിന്നും സ്റ്റാർബക്‌സ് പുറത്തുപോവുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഉയർന്ന പ്രവർത്തന ചിലവും കുറഞ്ഞ ലാഭവും കാരണം സ്റ്റാർബക്‌സ് ഇന്ത്യൻ വിപണി വിടുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഉയർന്ന വാടക, ഇറക്കുമതി ചാർജുകൾ, ഉപഭോക്താക്കളുടെ കുറവ് എന്നിവ കാരണം ബ്രാൻഡ് നഷ്ടം നേരിടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ടാറ്റയിലൂടെയാണ് സ്റ്റാർബക്‌സ് ഇന്ത്യയിൽ ചുവടുറപ്പിക്കുന്നത്. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡും സ്റ്റാർബക്‌സ് കോഫി കമ്പനിയും ചേർന്ന് 2012 ഒക്‌ടോബറിലാണ് സ്റ്റാർബക്‌സ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഇതോടെ, ഇന്ത്യയിൽ ടാറ്റ സ്റ്റാർബക്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇപ്പോഴിതാ, വാർത്തകളിലെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്. സ്റ്റാർബക്‌സ് ഇന്ത്യ വിടുന്നുവെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടാറ്റ സ്റ്റാർബക്‌സിന്റെ വിൽപ്പന 12 ശതമാനം ഉയർന്ന്, 1218 കോടി രൂപയായി എന്നാണ് ഒരു ബിസിനസ് മീഡിയ ഹൗസിന്റെ റിപ്പോർട്ട് പ്രകാരം വ്യക്തമാകുന്നത്. ഈ വർഷം ആദ്യ പകുതിയിൽ വരുമാനം നേരിയ തോതിൽ മാത്രമാണ് ഉയർന്നത്. യുഎസ് കോഫി ബ്രാൻഡായ സ്റ്റാർബക്‌സിന്റെയും ഇന്ത്യൻ കമ്പനിയുടെയും സംയുക്ത സംരഭമായ ടാറ്റ സ്റ്റാർബക്‌സ് 450ലധികം ഔട്ട്‌ലെറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ശൃംഖലയാണ്.
Discussion about this post