ന്യൂഡൽഹി: രണ്ട് എംപിമാർക്ക് പരിക്കേറ്റതിന് ഉത്തരവാദിയെന്ന് കാണിച്ച് ബിജെപിയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസ്. പാർലമെൻ്റിന് പുറത്ത് സമാന്തര പ്രതിഷേധത്തിനിടെ ബി ജെ പി എം പി മാരായ പ്രതാപ് സാരംഗിക്കും മുകേഷ് രാജ്പുത്തിനും തലയ്ക്ക് പരിക്കേറ്റു. 69 വയസ്സുള്ള രണ്ട് നേതാക്കളും ആശുപത്രിയിലാണ്.. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
രാഹുൽ ഗാന്ധി മിസ്റ്റർ രാജ് പുതിനെ തള്ളിയതിനെ തുടർന്നാണ് തനിക്ക് പരിക്കേറ്റതെന്ന് പ്രതാപ് സാരംഗി പറഞ്ഞു. “രാഹുൽ ഗാന്ധി ഒരു പാർലമെൻ്റ് അംഗത്തെ തള്ളിയിട്ടു അദ്ദേഹം എൻ്റെ മേൽ വീണു, തുടർന്ന് ഞാൻ താഴെ വീണു. രാഹുൽ ഗാന്ധി വന്ന് ഒരു എംപിയെ തള്ളിയിടുമ്പോൾ ഞാൻ ഗോവണിക്ക് സമീപം നിൽക്കുകയായിരുന്നു.” സാരംഗി പറഞ്ഞു.
ബിജെപി എംപിമാരുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനുരാഗ് സിങ് ഠാക്കൂര്‍, ബാന്‍സുരി സ്വരാജ്, ഹേമാംഗ് ജോഷി എന്നിവരാണ് പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. എംപിമാരെ കയ്യേറ്റം ചെയ്‌തെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി.
പ്രേരണാക്കുറ്റമുള്‍പ്പെടെയാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷനുകളായ 109, 115, 117, 125, 131, 351 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വമേധയാ ഗുരുതരമായ മുറിവേൽപ്പിക്കുക, മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി, ക്രിമിനൽ ബലപ്രയോഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി കൊണ്ടാണ് കേസ്.
Discussion about this post