ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിനെ ചൊല്ലി രാഹുൽ നടത്തിയ പരാമർശങ്ങൾ അദ്ദേഹം ‘ഹിന്ദു വിരുദ്ധനാണെന്ന്’ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന വിമർശനവുമായി ബിജെപി. ജവഹർ ഭവനിൽ നടന്ന ചടങ്ങിലാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിന്റെ പുതിയ നീക്കത്തെ രൂക്ഷമായി വിമർശിച്ചത്. “എന്താണ് ഈ ജി-റാം-ജി എന്ന് എനിക്കറിയില്ല” എന്ന രാഹുലിന്റെ പരിഹാസമാണ് ബിജെപിയെ ചൊടിപ്പിച്ചത്.
ഭഗവാൻ ശ്രീരാമന്റെ പേര് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ രാഹുൽ ഗാന്ധി ഭയപ്പെടുകയാണെന്നും ഇത് കോൺഗ്രസിന്റെ പാരമ്പര്യമായ ഹിന്ദു വിരുദ്ധ മാനസികാവസ്ഥയുടെ ഭാഗമാണെന്നും ബിജെപി വക്താക്കൾ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദരിദ്രർക്ക് തൊഴിൽ നൽകുന്ന പദ്ധതി നിർത്തലാക്കാൻ ശ്രമിക്കുകയാണെന്നും കർഷക പ്രക്ഷോഭം പോലെ ഒത്തൊരുമിച്ച് നിന്നാൽ സർക്കാരിനെക്കൊണ്ട് ഈ നിയമം പിൻവലിപ്പിക്കാമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. എന്നാൽ, തൊഴിൽ ദിനങ്ങൾ 100-ൽ നിന്നും 125-ലേക്ക് വർദ്ധിപ്പിച്ച് ഗ്രാമീണ മേഖലയുടെ പുരോഗതി ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതിയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.സംസ്ഥാനങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിലൂടെ പദ്ധതിയിൽ കൂടുതൽ സുതാര്യതയും ഉടമസ്ഥാവകാശവും കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
കോൺഗ്രസ് ഭരണകാലത്തെ അഴിമതികൾ തുടച്ചുനീക്കി ഡിജിറ്റൽ സംവിധാനങ്ങളിലൂടെ അർഹരായവർക്ക് നേരിട്ട് പണം എത്തിക്കുന്ന പുതിയ രീതിയെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.












Discussion about this post