ഭരതൻ – ലോഹിതദാസ് കൂട്ടുകെട്ടിൽ 1990-ൽ പുറത്തിറങ്ങിയ ‘വെങ്കലം’ എന്ന സിനിമ മലയാളത്തിലെ മികച്ച ക്ലാസിക്കുകളിൽ ഒന്നായി ഇന്നും നിലനിൽക്കുകയാണ്. ഒരു കുടുംബത്തിലെ രണ്ട് സഹോദരന്മാർ ഒരു പെണ്ണിനെ തന്നെ വിവാഹം കഴിച്ച് അവളെ പങ്കുവെക്കുന്ന അപൂർവ്വമായ ഒരു ആചാരത്തെയും അതുണ്ടാക്കുന്ന പ്രതിസന്ധികളെയുമാണ് സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത്.
കമ്മാര സമുദായത്തിൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന അപൂർവ്വമായ ഒരു ആചാരമാണ് സിനിമയുടെ കേന്ദ്ര പ്രമേയം. സഹോദരന്മാർ ഒരു പെണ്ണിനെ തന്നെ വിവാഹം കഴിക്കുന്നതിലൂടെ കുടുംബസ്വത്ത് ഭാഗം വെക്കപ്പെടാതെ കാത്തുസൂക്ഷിക്കാം എന്നതായിരുന്നു ഈ ആചാരത്തിന് പിന്നിലെ ലക്ഷ്യം. വെങ്കല പാത്രങ്ങൾ നിർമ്മിക്കുന്ന ഈ തറവാട്ടിലെ കുടുംബ ഭദ്രത നിലനിർത്താൻ ഇത്തരം ഒരു രീതി അനിവാര്യമാണെന്ന് മുതിർന്നവർ വിശ്വസിച്ചിരുന്നു.
ഇത്തരം ആചാരങ്ങളിൽ വിശ്വസിക്കുന്ന കുഞ്ഞിപ്പെണ്ണ്( കെപിഎസി ലളിത) മക്കളായ ഗോപാലനും ഉണ്ണികൃഷ്ണനും ഈ ആചാരങ്ങൾക്കെതിരാണ്. അതിനിടയിൽ ഗോപാലൻ, ഉർവശി അവതരിപ്പിക്കുന്ന തങ്കമണിയെ വിവാഹം കഴിക്കുന്നു. കുഞ്ഞിപ്പെണ്ണ് ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ബന്ധമായിരുന്നില്ല തങ്കമണിക്ക് ഉണ്ണികൃഷ്ണനോട് ഉണ്ടായിരുന്നത്. സ്വന്തം അനിയനെ പോലെയാണ് അവൾ ഉണ്ണിയെ കണ്ടത്. ഉണ്ണിക്കും അത് തന്നെയായിരുന്നു. എന്നാൽ വിവാഹമൊക്കെ കഴിഞ്ഞ് സന്തോഷമായിരിക്കുമ്പോൾ ഇടക്ക് വെച്ച് ഗോപാലൻ ഭാര്യയെ സംശയിക്കുന്നതോടെ ഇവരുടെ ജീവിതം മാറ്റുന്നു. ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് വെങ്കലം സംസാരിക്കുന്നത്.
പഴയ തലമുറ വിശ്വസിക്കുന്ന അന്ധവിശ്വാസങ്ങളും പാരമ്പര്യങ്ങളും പുതിയ തലമുറയുടെ ജീവിതത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് ‘വെങ്കലം’ കാണിച്ചുതരുന്നു. ആചാരങ്ങൾ മാറ്റമില്ലാതെ തുടരണമെന്ന് നിർബന്ധം പിടിക്കുന്ന തലമുറയുടെ പ്രതിനിധികളെ കുറ്റപ്പെടുത്തുമ്പോൾ പോലും അവർ എന്തുകൊണ്ട് അങ്ങനെ പറയേണ്ട സാഹചര്യം ഉണ്ടായി എന്നുള്ളത് ചിത്രം കൃത്യമായി നമുക്ക് കാണിച്ചു തരുന്നു.
ലോഹിതാദാസിന്റെ എഴുത്തിലെ അസാധ്യ മികവ് ചിത്രത്തെ ശരിക്കും ലിഫ്റ്റ് ചെയ്തിട്ടുണ്ട്. അഭിനയിച്ച എല്ലാവരും തങ്ങളുടെ റോളുകൾ ഭംഗിയായി ചെയ്ത ചിത്രത്തിൽ കൈയടികൾ നേടിയത് മത്സരിച്ചഭിനയിച്ച കെപിഎസി ലളിതയും ഉർവ്വശിയുമായിരുന്നു.













Discussion about this post