2026 ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന പുരുഷ ടി20 ലോകകപ്പിൽ, ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനത്തിൽ പാകിസ്ഥാൻ അതൃപ്തി രേഖപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി തള്ളിയതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ഇന്ത്യയുടെ ആവശ്യപ്രകാരം ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങൾ പാകിസ്ഥാനിൽ നിന്ന് ദുബായിലേക്ക് മാറ്റാൻ ഐസിസി തയ്യാറായപ്പോൾ, ബംഗ്ലാദേശ് ഉന്നയിച്ച സമാനമായ സുരക്ഷാ ആശങ്കകൾ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നാണ് പാകിസ്ഥാൻ ചോദിക്കുന്നത്.
ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിക്കുമ്പോഴും ടൂർണമെന്റ് ബഹിഷ്കരിക്കാൻ പാകിസ്ഥാന് മതിയായ കാരണങ്ങളില്ല. കാരണം പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം നിലവിൽ നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനിടയിൽ ഐസിസിയുടെ തീരുമാനങ്ങൾ പലപ്പോഴും ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് മുൻ പാക് താരം കമ്രാൻ അക്മൽ ആരോപിച്ചു.
ഐസിസിക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് ഷെഡ്യൂളുകൾ തീരുമാനിക്കപ്പെടുന്നത് എന്നാണ് അക്മൽ പറഞ്ഞത്. 2023-ലെ ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ നടത്താൻ പാകിസ്ഥാനെ നിർബന്ധിച്ചതും ഇതിന് ഉദാഹരണമാണെന്ന് അക്മൽ ചൂണ്ടിക്കാട്ടി. പിന്മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ വെറും സാമൂഹിക മാധ്യമ പ്രചരണങ്ങൾ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.













Discussion about this post