മുംബൈ; മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന് വെളിപ്പെടുത്തി മുൻ പരിശീലകൻ രാജ് കുമാർ ശർമ. താരം കുടുംബത്തോടൊപ്പം യുകെയിലേക്ക് താമസം മാറ്റാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ലണ്ടനാണ് കോഹ്ലിയ്ക്ക് താമസിക്കാൻ ഇഷ്ടപ്പെട്ട നഗരം.
”വിരാടിന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലേക്കു പോയി താമസിക്കാൻ താൽപര്യമുണ്ട്. അദ്ദേഹം ഉടൻ തന്നെ ഇന്ത്യ വിട്ട് അവിടെ സ്ഥിരതാമസമാക്കും.” രാജ്കുമാർ ശർമ പ്രതികരിച്ചു. ”കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കോലി ഇപ്പോൾ നടത്തുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ കോലി സെഞ്ചറി നേടി. അടുത്ത മത്സരങ്ങളിൽ കോലി രണ്ടു സെഞ്ചറികൾ കൂടി നേടുമെന്നാണ് എനിക്കു തോന്നുന്നതെന്ന് മുൻ പരിശീലകൻ പറയുന്നു.
അദ്ദേഹം ഫിറ്റാണ്. വിരമിക്കാൻ പ്രായമായിട്ടില്ല. കോലി അഞ്ചു വർഷം കൂടി കളിക്കുമെന്നാണ് എനിക്കു തോന്നുന്നത്. 2027 ലെ ഏകദിന ലോകകപ്പും കളിക്കും. കോലിയെ എനിക്ക് കഴിഞ്ഞ 26 വർഷമായി അറിയാം. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് പരിശീലകൻ കൂട്ടിച്ചേർത്തു.
അനുഷ്‌ക രണ്ടാമത് ഗർഭിണിയായതിന് പിന്നാലെ യുകെയിലാണ് ഇരുവരും താമസിച്ച് വരുന്നത്. ലണ്ടനിൽ ഇവർ സ്ഥിരതാമസമാക്കുമോ എന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ ചില ചർച്ചകളും നടന്നിരുന്നു. ലണ്ടനിൽ സ്വന്തമായി അനുഷ്‌കയ്ക്കും വിരാടിനും സ്വത്തുവകകളുണ്ട്.
Discussion about this post