വയനാട്: മാനന്തവാടിയിൽ മകനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ചെറ്റപ്പാലം സ്വദേശി പി. അബൂബക്കറിനെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു സംഭവം.
വൈരാഗ്യത്തിന്റെ പേരിൽ മകനെ കുടുക്കാനുള്ള അബൂബക്കറിന്റെ ശ്രമം ആയിരുന്നു പരാജയപ്പെട്ടത്. മാനന്തവാടി- മൈസൂർ റോഡിൽ അബൂബക്കറിന്റെ മകൻ നൗഫൽ കട നടത്തുന്നുണ്ട്. ഇതിനുള്ളിൽ കഞ്ചാവ് കൊണ്ടുവച്ചായിരുന്നു ഇയാൾ നൗഫലിനെ കുടുക്കാൻ ശ്രമിച്ചത്.
സെപ്തംബർ ആറ് വെള്ളിയാഴ്ച നൗഫൽ നിസ്‌കരിക്കാനായി മസ്ജിദിൽ പോയത് ആയിരുന്നു.ഈ സമയം അബൂബക്കർ പരിചയക്കാരന്റെ പക്കൽ കഞ്ചാവ് കൊടുത്തുവിടുകയായിരുന്നു. ഇയാൾ കഞ്ചാവ് കടയിൽ കൊണ്ടുവച്ചതിന് പിന്നാലെ പിതാവ് വിവരം എക്‌സൈസിനെ അറിയിച്ചു.
വിവരത്തിന്റെ അടിസ്ഥാനത്തിൽ കടയിൽ എത്തിയ എക്‌സൈസ് സംഘം 2.095 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും നൗഫലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് നൗഫൽ ആവർത്തിച്ചതോടെ എക്‌സൈസ് കടയ്ക്ക് സമീപമുളള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ദൃശ്യങ്ങളിൽ നിന്നും ഓട്ടോ ഡ്രൈവർ ജിൻസ് വർഗ്ഗീസും, പ്രദേശവാസിയായ അബ്ദുള്ള എന്നയാളും കടയിൽ എത്തിയതായി വ്യക്തമായി. ഇവരെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ നൗഫലിന്റെ നിരപരാധിത്വം വ്യക്തമാകുകയായിരുന്നു.
Discussion about this post