ന്യൂഡൽഹി : പാർലമെന്റ് വളപ്പിലെ ബിജെപി നേതാക്കൾക്കെതിരെ രാഹൂൽ ഗാന്ധി നടത്തിയ ആക്രമണം വളരെ ലജ്ജാകരമെന്ന് ബിജെപി എം പി അനുരാഗ് താക്കൂർ . ഇന്നലെ കണ്ട രാഹുൽ ഗാന്ധിയുടെ ധാർഷ്ട്യവും സഹ എംപിമാരോടുള്ള അദ്ദേഹത്തിന്റെ സമീപനവും വളരെ നിർഭാഗ്യകരമാണ്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് രാഹൂൽ ഗാന്ധി കഴിഞ്ഞ ദിവസം പെരുമാറിയത് എന്ന് അദ്ദേഹം പറഞ്ഞു.
സമാധനത്തിന്റെ പാതയിൽ പോകുന്നതിനുപകരം മനഃപൂർവം തന്റെ അനുയായികളെ കൂട്ടിക്കൊണ്ടുപോയി ഒരു കോലാഹലം സൃഷ്ടിച്ചു.ഇത് പൊറുക്കാവുന്നതല്ല. ഒരു പ്രതിപക്ഷ നേതാവിന് ഈ ചിന്തയുമായി പോകാൻ കഴിയുമോ? നിങ്ങൾക്ക് ആരെയും എന്തും ചെയ്യാം, ഞങ്ങൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നതാണ് രാഹൂലിന്റെ ചിന്തയെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത് എന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സേനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഈ ക്രൂരത ചെയ്തത് എന്നും അനുരാഗ് താക്കൂർ ചൂണ്ടിക്കാട്ടി.
.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കാവൽക്കാരനാണ് ജനപ്രതിനിധി. എന്നാൽ രാഹുൽ ഗാന്ധിയും ഇൻഡി സഖ്യത്തിലെ എല്ലാ അംഗങ്ങളും ഇത് മറന്നു. ഭരണഘടന കാണിച്ചതുകൊണ്ട് മാത്രം നിങ്ങൾ ഭരണഘടനയുടെ സംരക്ഷകനാകില്ല. ബദൽ മാർഗം സ്വീകരിക്കാൻ ഇന്നലെ സുരക്ഷാ സേന രാഹുൽ ഗാന്ധിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായ ഒരു പ്രതിഷേധം നടക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് (രാഹുൽ ഗാന്ധി) അറിയാമായിരുന്നു, എന്നിട്ടും അവിടെ സമാധാനപരമായി പ്രതിഷേധിച്ച എല്ലാ എംപിമാരുടെയും ഇടയിലൂടെ അദ്ദേഹം മനപ്പൂർവ്വവും ദുരുദ്ദേശ്യത്തോടെയും തള്ളുകയും കടന്നുപോകുകയും ചെയ്തു. ഞങ്ങളുടെ രണ്ട് സഹപ്രവർത്തകർക്ക് ഗുരുതരമായും പരിക്കേൽക്കുകയും ചെയ്തു. . ഇതോടൊപ്പം, നമ്മുടെ നാഗാലാൻഡ് എംപി ഫാങ്നോൺ കൊന്യാക്കിനോട് സ്വീകരിച്ച ലജ്ജാകരമായ മനോഭാവത്തിന് അദ്ദേഹം മാപ്പ് പറയണം എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മുതിർന്ന എംപിമാർക്ക് പരിക്കേറ്റതിൽ ബിജെപി എംപി അപരാജിത സാരംഗി ആശങ്ക രേഖപ്പെടുത്തി. ഇന്നലെ പാർലമെന്റിൽ സംഭവിച്ചത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും അവർ പറഞ്ഞു. ഞങ്ങൾ അതിനെ ശക്തമായി അപലപിക്കുന്നു. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. നാമെല്ലാവരും പാർലമെന്റിന്റെ മര്യാദയും അന്തസ്സും കാത്തുസൂക്ഷിക്കേണ്ടതുണ്ട് എന്നും അപരാജിത സാരംഗി കൂട്ടിച്ചേർത്തു .
Discussion about this post