അമരാവതി :സ്വന്തം പേരിലെത്തിയ പാഴ്‌സൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് പുരുഷന്റെ മൃതദേഹം. ഇതിനൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുള്ള കത്തും. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. നാഗതുളസി എന്ന സ്ത്രീയ്ക്കാണ് ഈ അജ്ഞാത പാഴ്‌സൽ കിട്ടിയത്.
ഇവർ വീട് നിർമിക്കാൻ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയിൽ അപേക്ഷ നൽകിയിരുന്നു. സമിതി യുവതിക്ക് ടൈൽസ് അയയ്ക്കുകയും ചെയ്തു. കൂടുതൽ സഹായത്തിനായി അവർ വീണ്ടും ക്ഷത്രിയ സേവാ സമിതിക്ക് അപേക്ഷ നൽകി. വൈദ്യുതി ഉപകരണങ്ങൾ നൽകാമെന്ന് സമിതി ഉറപ്പുനൽകുകയും ചെയ്തു. ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ തുടങ്ങിയ സാധനങ്ങൾ നൽകുമെന്ന് അപേക്ഷകയ്ക്ക് വാട്ട്‌സ്ആപ്പിൽ സന്ദേശം ലഭിച്ചിരുന്നു. ഇത് പ്രതീക്ഷിച്ചാണ് യുവതി പാഴ്‌സൽ തുറന്ന് നോക്കിയത്. എന്നാൽ പാഴ്‌സൽ തുറന്നപ്പോൾ കണ്ടതോ അജ്ഞാത മൃതദേഹവും. പെട്ടിയ്ക്കുള്ളിൽ ഉണ്ടായിരുന്ന കത്തിൽ ഒരു കോടി മുപ്പത് ലക്ഷം ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും കത്തിൽ എഴുതിയിരുന്നു.
ഇത് കണ്ട് യുവതിയും കുടുംബവും പരിഭ്രാന്തരായി . ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ സംഭവസ്ഥലത്തേക്ക് പോലീസ് എത്തി . മൃതശരീരം പരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി .
45 വയസ്സ് പ്രയം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് 4-5 ദിവസം പഴക്കമുണ്ടെന്നും പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടന്നുവരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post