ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി എംപിക്ക് വൈദ്യുതി മോഷണത്തിന് രണ്ടുകോടിയോളം പിഴ. സംഭാലില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംപിയായ സിയ ഉര്‍ റെഹ്‌മാന്‍ ബര്‍ഖിനാണ് യുപി വൈദ്യുതി ബോർഡ് കൃത്രിമം കാട്ടിയതിന് കോടികള്‍ പിഴയിട്ടത്. എംപിയുടെ പേരിലുള്ള വീട്ടില്‍ ഇലക്ട്രിസിറ്റി മീറ്ററില്‍ കൃത്രിമത്വം കാട്ടിയെന്ന് വ്യക്തമാകുന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പിഴ. 1.9 കോടിയാണ് എംപിക്ക് പിഴയിട്ടിരിക്കുന്നത്.
വ്യാഴാഴ്ച സിയ ഉര്‍ റെഹ്‌മാന്‍ ബര്‍ഖിന്റെ വീടുകളില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധന നടന്നിരുന്നു. രണ്ട് കിലോവാട്ടിന്റെ സാധാരണ വൈദ്യുത കണക്ഷനാണ് എംപിയുടെ വീടുകളിലുള്ളത്. എന്നാല്‍ പത്തിരട്ടിയിലധികം കണക്ടട് ലോഡാണ് പരിശോധനയില്‍ കണ്ടെത്തിയത്.
വീട്ടില്‍ 10 കിലോവാട്ടിന്റെ സോളാര്‍ പാനലും അഞ്ച് കിലോവാട്ടിന്റെ ജനറേറ്ററും ഉപയോഗിക്കുന്നുണ്ട് എന്നാണ് കുടുംബം നല്‍കിയ വിശദികരണം. എന്നാൽ വിശദമായ പരിശോധനയിൽ സോളാര്‍ പാനല്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് പിഴയിടാനുള്ള തീരുമാനവുമായി വൈദ്യുതി ബോർഡ് മുന്നോട്ട് പോയത്.
Discussion about this post