സിറിയയില്‍ പണപ്പെരുപ്പം കുത്തനെ ഉയരുന്നു. ഇപ്പോഴിതാ ഇതിന്റെ കാഠിന്യം വ്യക്തമാക്കുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാവല്‍ കണ്ടന്റ് ക്രിയേറ്ററായ ഇലോണ കരാഫിന്‍ . ഇന്‍സ്റ്റഗ്രാമില്‍ 3 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് ഇലോണ. സിറിയ സന്ദര്‍ശനത്തിനിടെ എടുത്ത വീഡിയോയാണ് ഇലോണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
സിറിയയില്‍ ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും വില വല്ലാതെ വര്‍ധിച്ചുവെന്നാണ് ഇലോണ പറയുന്നത്. രാജ്യത്തിന്റെ കറന്‍സി മൂല്യം കുത്തനെ താഴേക്ക് പോയതോടെ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണെന്നും ഇലോണ പറഞ്ഞു.
സിറിയയിലെ റസ്റ്റോറന്റുകളിലെ മെനുവില്‍ ഇപ്പോള്‍ വിഭവങ്ങളുടെ വില നല്‍കിയിട്ടില്ലെന്നും ഇലോണ പറഞ്ഞു. കാരണം ഇതിന് മണിക്കൂറുകള്‍ ഇടവിട്ട് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അതിനാലാണ് വില കൃത്യമായി രേഖപ്പെടുത്താന്‍ റസ്റ്റോറന്റ് അധികൃതര്‍ മടിക്കുന്നതെന്നും ഇലോണയുടെ വീഡിയോയില്‍ പറയുന്നു. സിറിയയില്‍ ഒരു കപ്പ് കോഫിയ്ക്ക് 25000 സിറിയന്‍ പൗണ്ട് (163.34 രൂപ)ആണ് ഈടാക്കുന്നതെന്ന് ഇലോണ വീഡിയോയില്‍ പറഞ്ഞു.
അന്താരാഷ്ട്ര ഉപരോധങ്ങളും വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷവും ആഭ്യന്തരയുദ്ധവും സിറിയയിലെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇതാണ് കറന്‍സിയുടെ മൂല്യം കുത്തനെ ഇടിയാന്‍ കാരണം. സാധനങ്ങള്‍ വാങ്ങാനായി കെട്ടുകണക്കിന് പണവുമായാണ് സാധാരണക്കാര്‍ കടകളിലെത്തുന്നത്. അന്താരാഷ്ട്ര വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് സിറിയ ഇപ്പോഴെന്നും ഇലോണ തന്റെ വീഡിയോയിലൂടെ പറഞ്ഞു. വിദേശവസ്തുക്കള്‍ക്കും രാജ്യത്ത് ക്ഷാമം നേരിടുന്നു. പ്രാദേശികമായി ഉല്‍പാദിപ്പിച്ച സാധനങ്ങളാണ് സിറിയയിലെ വിപണിയിലെത്തുന്നത്. അതിനാല്‍ ക്ഷാമം രൂക്ഷമാണ്.
Discussion about this post