ജനങ്ങളുടെ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനായി നിരവധി ലഘു നിക്ഷേപ പദ്ധതികളാണ് ഇപ്പോൾ പോസ്റ്റ് ഓഫീസുകൾ വഴി ലഭ്യമാകുന്നത്. മാസംതോറും ഓരോ ചെറിയ തുകകൾ പോലും അടച്ചുകൊണ്ട് ആർക്കും ഈ പദ്ധതിയുടെ ഭാഗമാകാം. 100 രൂപ മുതലുള്ള തവണകൾ ഈ പദ്ധതികളിൽ ലഭ്യമാണ്.
ഇത്തരത്തിലുള്ള ലഘു നിക്ഷേപ പദ്ധതികളിൽ ഏറെ ആകർഷണീയമായ ഒന്നാണ് പോസ്റ്റ് ഓഫീസിൻ്റെ 5 വർഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമുകൾ. ദേശീയ സേവിംഗ്സ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം എന്നും ഇതിനെ വിളിക്കുന്നു. ഈ സ്കീമിൽ സുരക്ഷിതമായി നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ഉറപ്പായ വരുമാനം നേടാം.
പോസ്റ്റ് ഓഫീസിൻ്റെ ഈ ആർഡി സ്കീമിന് കീഴിൽ പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും അക്കൗണ്ട് തുറക്കാം. 3 പേർക്ക് വരെ ജോയിൻ്റ് അക്കൗണ്ട് ആയും ഈ പദ്ധതിയിൽ നിക്ഷേപം നടത്താം . പ്രായപൂർത്തി ആകാത്ത ആളുകൾക്കായി മാതാപിതാക്കൾക്കും നിക്ഷേപം ആരംഭിക്കാം. ആവശ്യമെങ്കിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുകളും ഈ സ്കീമിൽ തുറക്കാൻ കഴിയുന്നതാണ്.
നിലവിൽ 6.7% വാർഷിക പലിശ നിരക്ക് ആണ് പോസ്റ്റ് ഓഫീസ് ആർ ഡി നിക്ഷേപ പദ്ധതിക്ക് ലഭിക്കുന്നത്. 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവന്നതാണ്. അതേസമയം പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. ഈ പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്. അതിനാൽ തന്നെ മാസം 5000 രൂപ വെച്ച് ഈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ അഞ്ചുവർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് മൂന്നര ലക്ഷത്തിലേറെ രൂപയാണ് ലഭിക്കുക. അതായത് 56,830 രൂപ പലിശയായി മാത്രം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
Discussion about this post