മോസ്‌കോ: ശനിയാഴ്ച കസാൻ നഗരത്തിലെ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ആക്രമണം അഴിച്ചു വിട്ട് യുക്രൈനിയൻ ആളില്ലാ ഡ്രോണുകൾ. ഈ ആക്രമണത്തെ സെപ്റ്റംബർ 11 ന് അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചതിന് സമാനമായിട്ടാണ് സമൂഹ മാധ്യമങ്ങളിൽ പലരും വിശേഷിപ്പിക്കുന്നത്. ഇതേ തുടർന്ന് ഒരു വിമാനത്താവളം അടച്ചു പൂട്ടുകയും നിരവധി പേരെ കെട്ടിടങ്ങളിൽ നിന്നും ഒഴിപ്പിക്കുകയും ചെയ്തു.
എട്ട് ഡ്രോൺ ആക്രമണങ്ങളാണ് റഷ്യൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ആറെണ്ണം കെട്ടിടങ്ങളിൽ നേരിട്ട് പതിക്കുകയായിരുന്നു. ഡ്രോണുകളിൽ ഒന്നിനെ റഷ്യൻ പ്രതിരോധ സേന വെട്ടിവച്ചിട്ടതായും റഷ്യൻ സർക്കാർ മാദ്ധ്യമമായ സ്പുട്നിക് അവകാശ വാദം ഉന്നയിക്കുന്നുണ്ട്.
ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കസാൻ അധികൃതർ അറിയിച്ചു. എന്നാൽ വാരാന്ത്യത്തിൽ നേരത്തെ തീരുമാനിച്ചുറപ്പിച്ച എല്ലാ പരിപാടികളും റദ്ദാക്കുകയാണെന്ന് കസാൻ മേയർ വെളിപ്പെടുത്തി. ടെലെഗ്രാമിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.അതേസമയം കെട്ടിടങ്ങളിൽ നിന്നും ഒഴിപ്പിക്കപ്പെട്ടവർക്ക് താത്കാലിക താമസ സൗകര്യവും അധികൃതർ നൽകുന്നുണ്ട്.
ആക്രമണത്തെത്തുടർന്ന് കസാൻ വിമാനത്താവളത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായും ഇഷെവ്സ്ക് വിമാനത്താവളത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും റഷ്യൻ ഏവിയേഷൻ വാച്ച്ഡോഗ് റോസാവിയാറ്റ്സിയ പറഞ്ഞു. മോസ്കോയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ കിഴക്കായാണ് കസാൻ സ്ഥിതി ചെയ്യുന്നത്.
Discussion about this post