ചെന്നൈ: ദേശീയ ഹരിത ട്രൈബ്യുണൽ കർശന നിലപാടെടുത്തതോടെ തിരുനെൽവേലിയിൽ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേർന്നാണ് മാലിന്യങ്ങൾ തിരിച്ചെടുക്കുന്നത്.
അതേസമയം ആശുപത്രികളിൽ നിന്ന് മെഡിക്കൽ മാലിന്യം നീക്കം ചെയ്യാൻ കരാർ നേടിയ കമ്പനികൾക്ക് വീഴ്ചയുണ്ടായെന്നാണ് കേരള സർക്കാറിന്റെ വാദം . ഇവർക്കെതിരെ നടപടി എടുക്കും എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ മാലിന്യസംസ്ക്കരണത്തിന് വേണ്ടത്ര സൗകര്യമില്ലാതെ ഈ കമ്പനികൾ എങ്ങനെ കരാർ നേടി എന്ന ചോദ്യമാണ് ഉയരുന്നത്.
വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും അനധികൃതമായി മാലിന്യം നീക്കം ചെയ്യാനുള്ള കരാറുകൾ മുമ്പും ഇടത് സർക്കാരിന്റെ കീഴിൽ നൽകപ്പെട്ടിരിന്നു. എറണാകുളത്തും കോഴിക്കോടും ഇത് സംബന്ധിച്ച് വിവാദമുണ്ടാവുകയും ചെയ്തിരുന്നു.
തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ടൺ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറിഞ്ഞത്. കൃഷിയിടങ്ങളിലാകെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതാണ് മെഡിക്കൽ മാലിന്യക്കൂമ്പാരം. ഇത് തമിഴ്നാട്ടിൽ വൻ രാഷ്ട്രീയവിഷയമാകുകയും ദേശീയ ഹരിത ട്രിബ്യൂണൽ അന്ത്യശാസനം നൽകുകയും ചെയ്തതോടെയാണ് കേരളം മാലിന്യം നീക്കാൻ തീരുമാനിച്ചത്.
Discussion about this post