ഭോപ്പാൽ : മകൻ വീട് പൂട്ടി യാത്ര പോയതോടെ വീടിനുള്ളിൽ തനിച്ചായി പോയ വൃദ്ധയായ അമ്മയ്ക്ക് ദാരുണ മരണം. മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം നടന്നത്. പോലീസ് കോൺസ്റ്റബിൾ ആയിരുന്ന ശ്യാംലാൽ ദുബെയുടെ ഭാര്യ ലളിതാ ദുബെ ആണ് പട്ടിണി മൂലം മരിച്ചത്. കിടപ്പുരോഗി ആയ ലളിതയെ വീട്ടിൽ പൂട്ടിയിട്ട ശേഷം മകൻ അരുൺ രണ്ട് ദിവസത്തേക്ക് യാത്ര പോയതാണ് മരണത്തിന് കാരണമായത്.
സംഭവത്തിൽ ഭോപ്പാൽ പോലീസ് കേസെടുത്തു. വീട്ടിൽ നിന്നും ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. രണ്ടുദിവസമായി ഇവരുടെ മകൻ സ്ഥലത്തില്ലായിരുന്നു എന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചു. ചെറിയ മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണ് അരുൺ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ശ്യാംലാൽ-ലളിത ദമ്പതികളുടെ ഇളയ മകനാണ് അരുൺ. ഇവരുടെ മൂത്തമകൻ ഇൻഡോറിൽ ആണ് താമസിക്കുന്നത്. രണ്ടാമത്തെ മകൻ ഏതാനും നാളുകൾ മുൻപ് മരിക്കുകയും ചെയ്തു. ഇതോടെ മാനസിക പ്രശ്നങ്ങളുള്ള അരുണും ലളിതയും വീട്ടിൽ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. പിതാവിന്റെ മരണശേഷം ലഭിച്ചിരുന്ന പെൻഷൻ ആയിരുന്നു ഇവരുടെ ജീവിതമാർഗം. എന്നാൽ വൃദ്ധയായ അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷം ഇയാൾ രണ്ടു ദിവസങ്ങൾക്കു മുൻപ് ഉജ്ജയിനിലേക്ക് പോയതോടെ വിശപ്പും ദാഹവും മൂലം ലളിത മരിക്കുകയായിരുന്നു.
Discussion about this post