മലപ്പുറം: വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ചെട്ടിയാറമ്മൽ സ്വദേശി നൗഷാദാണു മരിച്ചത്. 47 വയസായിരുന്നു. കോൺഗ്രസിന്റെ വണ്ടൂരിലെ പ്രാദേശിക നേതാവാണ് മരിച്ച നൗഷാദ്. ഖബറടക്കം നാളെ
വെള്ളിയാഴ്ച രാത്രി 9 മണിയോടെ എളങ്കൂരു വച്ചായിരുന്നു അപകടം. 10 വയസ്സുകാരനായ മകനൊപ്പം വണ്ടൂരിലെ വീട്ടിലേക്ക് പോകും വഴിയാണ് എളങ്കൂരുവച്ചു കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടിയത്. ഇതേ തുടർന്ന് നൗഷാദ് റോഡിലേക്ക് തെറിച്ച് വീഴുകയും തല റോഡിലിടിച്ചു ഗുരുതരമായി പരുക്കേൽക്കുകയുമായിരിന്നു.
ഒപ്പമുണ്ടായിരുന്ന മകനും പരുക്കേറ്റിരുന്നു. ഇരുവരെയും നാട്ടുകാർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് നൗഷാദ് മരണപ്പെടുകയായിരുന്നു.
Discussion about this post