ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതി പത്ത് വര്‍ഷത്തിനിടെ കല്യാണത്തട്ടിപ്പിലൂടെ തട്ടിയെടുത്തത് 1.25 കോടി രൂപ. മാട്രിമോണി സൈറ്റ് വഴി പണക്കാരായ പുരുഷന്മാരെ തിരഞ്ഞുപിടിച്ചാണ് ഇവര്‍ വിവാഹം കഴിക്കുന്നത്. വിവാഹം കഴിച്ചതിന് ശേഷം ഇവര്‍ കുടുംബത്തിനും ഭര്‍ത്താവിനുമെതിരെ കേസ് കൊടുക്കും. ഈ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി പണം ആവശ്യപ്പെടുകയും വലിയ തുക വാങ്ങുകയും ചെയ്യും. നിക്കി എന്ന് പേരുള്ള സീമ ‘ലൂട്ടറി ദുല്‍ഹന്‍’ അഥവാ ‘കൊള്ളയടിക്കാരി വധു’ എന്നാണ് അറിയപ്പെടുന്നത്.
2013-ലാണ് ഇവര്‍ ആഗ്രയിലുള്ള ഒരു വ്യവസായിയെ ഇത്തരത്തില്‍ ആദ്യമായി വിവാഹം കഴിച്ച് പറ്റിക്കുന്നത്, എന്നാല്‍ ഈ കല്ല്യാണത്തിന് ശേഷം ഇയാളുടെയും കുടുംബത്തിന്റെയും പേരില്‍ ഇവര്‍ കേസ് കൊടുക്കുകയായിരുന്നു. ഇത് ഒത്തുതീര്‍പ്പാക്കാനായി ഇവര്‍ വ്യവസായിയില്‍ നിന്ന് 75 ലക്ഷം രൂപ കൈപറ്റുകയായിരുന്നു. പിന്നീട് 2017 ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ സീമ വിവാഹം കഴിക്കുകയും പിന്നീട് ബന്ധം വേര്‍പെടുത്തി 10 ലക്ഷം രൂപ ഒത്തുതീര്‍പ്പ് തുകയായി കൈപ്പറ്റുകയും ചെയ്തു.
അവസാനമായി ഇവരുടെ ഇരയായത് ജയ്പൂര്‍ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനാണ്. എന്നാല്‍ ഇത്തവണ ഇയാളില്‍ നിന്ന് ഇവര്‍ 36 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി രക്ഷപ്പെടുകയായിരുന്നു. പക്ഷെ ഇത്തവണ അവരുടെ കുടുംബം കേസ് കൊടുത്തതിനെ തുടര്‍ന്ന് ഇവരെ ജയ്പൂര്‍ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post