പ്രേക്ഷകരെ വിസ്മയക്കാഴ്ചകളുടെ അങ്ങേയറ്റത്ത് എത്തിക്കുന്ന സിനിമകൾ എടുക്കുന്ന കാര്യത്തിൽ ഇന്ന് ക്രിസ്റ്റഫർ നോളനെ വെല്ലാൻ മറ്റാരുമില്ല. നോളന്റെ ഓരോ സിനിമകളും പ്രേക്ഷകർ ചിന്തിക്കുന്നതിനും അപ്പുറമായാണ് സംഭവിക്കാറുള്ളത്. സിനിമകളുടെ കഥാപരിസരങ്ങൾ തിരഞ്ഞെടുക്കുന്നതിലും പലപ്പോഴും പിടി തരാത്ത വ്യക്തിയാണ് നോളൻ. എന്നാൽ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം ഒരു വിഖ്യാതമായ ഇതിഹാസ കഥയെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കുന്നത്.
യൂണിവേഴ്സൽ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ സിനിമ ഗ്രീക്ക് മഹാകവിയായ ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ കേന്ദ്രീകരിച്ചായിരിക്കും. ട്രോജൻ യുദ്ധത്തിലെ ഗ്രീസിന്റെ നിർണായക വിജയത്തിന് ശേഷം ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് ഒഡീസി എന്ന ഇതിഹാസ കഥ. 2026 ജൂലൈ 17-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യൂണിവേഴ്സല്‍ പിക്ചേര്‍സുമായി ചേര്‍ന്ന് ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദി ഒഡീസി. ‘ഓപ്പൺഹൈമർ’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിനുശേഷം ഈ ടീം വീണ്ടും ഒന്നിക്കുകയാണ്. ആറ്റം ബോംബിന്‍റെ പിതാവ് എന്ന് അറിയിപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ ജീവിതം അവതരിപ്പിച്ച ഓപ്പൺഹൈമറിലൂടെ നോളന് സംവിധാനത്തിനുള്ള ആദ്യ ഒസ്കാര്‍ പുരസ്കാരവും ലഭിച്ചിരുന്നു. ഒഡീസിയിൽ മാറ്റ് ഡാമൺ, ആൻ ഹാത്ത്‌വേ, ടോം ഹോളണ്ട്, സെൻഡയ, റോബർട്ട് പാറ്റിൻസൺ എന്നിവരായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post