മലപ്പുറം: മലപ്പുറത്ത് വിദേശത്ത് നിന്നും വരുകയായിരുന്ന യുവാവിൽ നിന്നും രാസ ലഹരി പിടിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. 510 ഗ്രാം എംഡിഎംഎയുമായാണ് കാളികാവ് സ്വദേശി പിടിയിലായത് . മലപ്പുറത്തെ ഒരു റിസോർട്ടിൽ താമസിക്കുന്ന സിനിമാ നടിമാർക്ക് കൈമാറാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് അറസ്റ്റിലായ മുഹമ്മദ് ഷബീബ് വ്യക്തമാക്കിയത് . ഡിമാന്‍റ് ഏറെയുള്ള വിദേശ നിർമ്മിത എംഡിഎംഎയ്ക്കായി കൊച്ചിയിൽ നിന്ന് രണ്ട് നടിമാർ എത്തുമെന്ന് അറിയിച്ചിരുന്നു. ഇവരെ കാത്താണ് റിസോർട്ടിൽ എത്തിയതെന്നാണ് ഷബീബ് പൊലീസിന് മൊഴി നൽകിയത് .
ഇതോടുകൂടി സംഭവത്തിൽ നടിമാർ ഉൾപ്പടെയുള്ളവരുടെ പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണെന്ന് മലപ്പുറം എസ് പി ആർ. വിശ്വനാഥ് പറഞ്ഞു. ക്രിസ്തുമസ്, ന്യൂ ഇയർ പാർട്ടികൾക്കായി എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ മലപ്പുറത്തേക്ക് എത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിലാണ് വാഴക്കാടിന് സമീപമുള്ള അഴിഞ്ഞില്ലത്തെ റിസോർട്ടിൽ പൊലീസും ഡാൻസാഫ് ടീമും സംയുക്ത പരിശോധന നടത്തിയത്.
ഈ പരിശോധനക്കിടെ റിസോർട്ടിൻ്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തുകയായിരിന്നു . വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വീര്യം കൂടിയ 510 ഗ്രാം സെമി ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയാണ് പിടികൂടിയത്.
Discussion about this post