കോഴിക്കോട്: മലയാള ഭാഷയിലെ എണ്ണം പറഞ്ഞ സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. അനേകം മഹാന്മാർ ഇരുന്ന മാതൃഭൂമിയുടെ പത്രാധിപ കസേരയിൽ ഇരുന്നവരിൽ ഏറ്റവും പ്രഗല്ഭനായിരുന്ന ഒരാളായിരുന്നു എം ടി. എന്നാൽ പത്രാധിപർ എന്ന പദവിയിൽ അദ്ദേഹം ഇരുന്ന കാലത്ത് അദ്ദേഹത്തിന്റെ സാഹിത്യ പ്രാഗല്ഭ്യവും , യുവ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ താല്പര്യവും ശ്രമങ്ങളും വളരെ പ്രശസ്തമായിരുന്നു. എന്നാൽ അതിനേക്കാൾ മൂല്യമുള്ളതായിരിന്നു എം ടി വാസുദേവൻ നായർ എന്ന വ്യക്തിയുടെ അചഞ്ചലമായ ധാർമ്മിക ബോധം.
ഒരു ദശാബ്ദത്തോളം താൻ മാതൃഭൂമിയുടെ പത്രാധിപർ ആയിരുന്ന കാലത്ത്, മലയാളത്തിന്റെ മഹാ സാഹിത്യകാരന്റെ വെറും ഏഴ് കഥകളെ ആഴ്ചപ്പതിപ്പിൽ വന്നിട്ടുള്ളൂ. ഇത് ഏതൊരു സാഹിത്യ കുതുകിക്കും അല്പം ഞെട്ടലുണ്ടാക്കുന്ന കാര്യമായിരിക്കും. എന്നാൽ സത്യമാണ് ആ കാര്യം. എം ടി പുലർത്തിയ ഉന്നതമായ മൂല്യബോധമാണ് അതിന് കാരണം.
പത്രാധിപസ്ഥാനം വഹിക്കുന്ന പ്രസിദ്ധീകരണത്തില്‍ എഴുതുന്നതിനെക്കുറിച്ച് ഒരിക്കല്‍ എം.ടി. പറഞ്ഞു: ”ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രസിദ്ധീകരണത്തില്‍ ഞാൻ കഥയെഴുതുന്നത് ശരിയല്ല. നമ്മള്‍തന്നെ എഴുതുക, വരപ്പിക്കുക, അത് പബ്ലിഷ് ചെയ്യുക എന്ന രീതി ശരിയല്ല. ചില പ്രത്യേക സാഹചര്യത്തില്‍ എഴുതേണ്ടിവന്നിട്ടുമുണ്ട്.”പത്രാധിപര്‍ക്ക് പക്ഷപാതമുണ്ടാകാന്‍ പാടില്ല എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.
എഴുത്തുകാരനായ എം.ടി.യായിരുന്നില്ല പത്രാധിപരായിരുന്ന എം.ടി. മാതൃഭൂമിയില്‍ വാനപ്രസ്ഥമടക്കം ഏഴ് കഥകളേ വന്നിട്ടുള്ളൂ.സ്വയം പ്രകാശനത്തിനായി ഏതറ്റം വരെയും പോകാൻ തല്പരരായ ചില ആധുനിക സാഹിത്യകാരന്മാരെ കാണുമ്പോഴാണ് എത്രമാത്രം യുഗപ്രഭാവനായിരുന്നു എം ടി എന്ന് നമുക്ക് ബോധ്യം വരുന്നത്.
ഒരു രണ്ടാമൂഴത്തിന് നിൽക്കാതെ നമ്മെ വിട്ടു പോയ കാലത്തിനതീതനായ ആ മഹാ സാഹിത്യകാരന് ഹൃദയത്തിൽ നിന്നും ഉതിർന്നു വീഴുന്ന പ്രണാമം.
Discussion about this post