പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗികപീഡനകേസ് നൽകിയ യുവതിക്കെതിരെ നടത്തിയ സൈബർ അധിക്ഷേപത്തിൽ രാഹുൽ ഈശ്വർ ജയിലിലേക്ക്. സൈബർ ആക്രമണ കേസിൽ അറസ്റ്റിലായ രാഹുലിന് കോടതി ജാമ്യം നിഷേധിച്ചു. പതിനാല് ദിവസത്തേക്ക് രാഹുലിനെ കോടതി റിമാന്റ് ചെയ്തു. വഞ്ചിയൂർ എസിജെഎം കോടതിയാണ് വിധി പറഞ്ഞത്. നേമം പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ എടുത്ത കേസിലാണ് കോടതി വിധി. രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റുന്നത്.
കേസിൽ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ സ്വന്തം ഫേസ്ബുക്ക്, യൂട്യൂബ് ചാനൽ വഴി പരാതിക്കാരിയുടെ വ്യക്തി വിവരം പരസ്യപ്പെടുത്തിയതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. രാഹുൽ ഈശ്വറിന്റെ ലാപ്‌ടോപ്പ് ഇന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽ യുവതിയുടെ ഫോട്ടോ കണ്ടെത്തിയതായാണ് വിവരം. ഞായാറാഴ്ച വൈകിട്ട് ഏഴോടെ കസ്റ്റഡിയിലെടുത്ത രാഹുലിനെ നന്ദാവനം എ ആർ ക്യാമ്പിൽ എത്തിച്ച് സൈബർ പോലീസ് അസി.കമ്മീഷണർ അടക്കമുള്ളവർ വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിനെ വൈദ്യ പരിശോധനക്കും വിധേയനാക്കിയിരുന്നു.
ജയിലിൽ നിരാഹാരം ഇരിക്കുമെന്നും ഇത് കള്ള കേസ് ആണെന്നും പോലീസ് വാഹനത്തിലിരുന്ന് രാഹുൽ വിളിച്ചുപറഞ്ഞു. അഭിഭാഷകരും പോലീസും പറഞ്ഞത് പച്ചക്കള്ളമാണെന്നും രാഹുൽ ആരോപിച്ചു. കള്ളക്കേസ് ആണെന്നും പുരുഷ കമ്മീഷൻ വരേണ്ടത് അനിവാര്യമാണെന്നും രാഹുൽ ആശുപത്രിയിലേക്ക് പോകും വഴി മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് തെളിവെടുപ്പിനിടെ രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
അതേസമയം രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. രാഹുൽ ഈശ്വറിന് ജാമ്യം നൽകിയാൽ കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു











Discussion about this post