കോഴിക്കോട്: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ശബ്ദമിശ്രണത്തിന് ഓസ്കാർ ലഭിച്ച പ്രതിഭയാണ് റസൂൽ പൂക്കുട്ടി. സ്ലം ഡോഗ് മില്ല്യണയർ എന്ന സിനിമയുടെ ശബ്ദ മിശ്രണത്തിനാണ് അദ്ദേഹത്തിന് ഇത് ലഭിച്ചത്. ഇതേ റസൂൽ പൂക്കുട്ടി തന്നെയാണ് പഴശ്ശി രാജ എന്ന സിനിമക്ക് വേണ്ടിയും ശബ്ദ മിശ്രണം ചെയ്തത്. അദ്ദേഹം ആ സിനിമ ചെയ്ത അവസരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്. ശബ്ദത്തോളം തന്നെ ഒരു സിനിമയിൽ അവിഭാജ്യമാണ് മൗനവും. ഏതൊക്കെ സാഹചര്യത്തിലാണ് തിരക്കഥയിൽ മൗനം വേണ്ടതെന്ന് എം ടി കൃത്യമായി വരച്ചിട്ടിട്ടുണ്ട് എന്ന്. മനുഷ്യ വികാരങ്ങളുടെ നിമ്‌നോന്നതികളുടെ കാര്യത്തിൽ അത്രമാത്രം ശ്രദ്ധാലുവായിരുന്നു എം ടി എന്നതിന്റെ നേർകാഴ്ചയായിരിന്നു റസൂൽ പൂക്കുട്ടിയുടെ ആ വിലയിരുത്തൽ.
ഒരു സാഹിത്യകാരൻ, കഥയെഴുത്തുകാരൻ എന്ന നിലയിൽ എത്രമാത്രം ഉന്നതമായിരിന്നോ അദ്ദേഹത്തിന്റെ സ്ഥാനം, അത്രതന്നെ അല്ലെങ്കിൽ അതിനേക്കാൾ ഒരു പാടി മുകളിൽ ആയിരിന്നു ഇന്ത്യൻ സിനിമയിൽ ഒരു തിരക്കഥാകൃത് എന്ന നിലയിൽ അദ്ദേഹത്തിന്റെ സിംഹാസനം. കാലത്തേ വരച്ചിടുന്ന, സമയത്തെ നിശ്ചലമാക്കുന്ന കാഴ്ചപ്പാടുകളെ കടപുഴക്കുന്ന നിശബ്ദമായ കൊടുങ്കാറ്റുകളായിരിന്നു അദ്ദേഹത്തിന്റെ ഓരോ തിരക്കഥയും.
നൈർമല്യവും, ഇരുട്ടിന്റെ ആത്മാവും, വൈശാലിയും, ഒരു വടക്കൻ വീരഗാഥയും ഒക്കെ നമ്മളോട് പറയാതെ പറയുന്ന ചിലതുണ്ട്. ഒരു മഹാസാഹിത്യകാരന് മാത്രം സാധ്യമാകുന്ന ഭാഷയിൽ ഈ സിനിമകളൊക്കെ അത് കണ്ടവരുടെ കാഴ്ചപ്പാടുകളെ തന്നെ ഒരു വലിയ അളവിൽ മാറ്റിമറിച്ചിട്ടുണ്ട് എന്നതാണ് സത്യം. സാഹിത്യത്തിൻറെ എല്ലാ അതിരുകളിലും ഒതുങ്ങി നിൽക്കുമ്പോൾ തന്നെ, അതിന്റെ സൗന്ദര്യത്തെ പൂർണ്ണമായും ക്യാൻവാസിൽ വരച്ചിടുമ്പോൾ തന്നെ സമൂഹത്തിന്റെ നെഞ്ചിലേക്ക് കുത്തി കയറ്റുന്ന കടാരയാണ് എം ടി യുടെ മിക്ക തിരക്കഥകളും. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും പെരുന്തച്ചന്റെ ഉളി നമ്മെ ഇന്നും വേദനിപ്പിക്കുന്നു. ചതിയൻ ചന്തു വീര നായകനാകുന്നു.
അദ്ദേഹത്തിൻ്റെ തിരക്കഥകൾ ഗ്രാമീണ ഭൂപ്രകൃതികളുടെ സൗന്ദര്യം ആഘോഷിക്കുമ്പോൾ തന്നെ അഗാധമായ സാമൂഹിക, രാഷ്ട്രീയ, ദാർശനിക വിഷയങ്ങൾ കൈകാര്യം ചെയ്തു. അദ്ദേഹത്തിൻ്റെ നോവലുകളും ചെറുകഥകളും പോലെ, അദ്ദേഹത്തിൻ്റെ സിനിമകളും പ്രണയത്തെ അതിൻ്റെ ശുദ്ധവും കാവ്യാത്മകവുമായ രൂപത്തിൽ ചിത്രീകരിച്ചു.
അദ്ദേഹത്തിൻ്റെ കൃതികൾ അദ്ദേഹത്തിൻ്റെ കാലത്തെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ഘടനയെ പ്രതിഫലിപ്പിച്ചു, ലിംഗ മാനദണ്ഡങ്ങൾക്കപ്പുറത്തുള്ളതും സാർവത്രിക മാനുഷിക അനുഭവങ്ങൾ ഉൾക്കൊള്ളുന്നതുമായ കഥാപാത്രങ്ങൾക്ക് ആ തൂലിക ജീവൻ നൽകി. അതുകൊണ്ട് തന്നെ പലപ്പോഴും ആഗ്രഹങ്ങൾക്കും നിരാശകൾക്കും ക്ഷണികമായ വികാരങ്ങൾക്കും ഇടയിൽ കുടുങ്ങി എംടിയുടെ നായക കഥാപാത്രങ്ങൾ കാലാതീതമായി തുടരുന്നു,
Discussion about this post