ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അനുസ്മരണത്തിനിടെ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രണബ് മുഖർജിയുടെ മകൾ. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയാണ് തന്റെ പിതാവിനെ കോൺഗ്രസ് പാർട്ടി അവഗണിച്ചു എന്ന ആരോപണവുമായി രംഗത്ത് വന്നത്
2020-ൽ പ്രണബ് മുഖർജി അന്തരിച്ചതിന് ശേഷം കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം വിളിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ലെന്ന് ശർമ്മിഷ്ഠ മുഖർജി പറഞ്ഞു, ഇത് രാജ്യത്തിൻ്റെ രാഷ്ട്രപതിമാർക്ക് വേണ്ടി ചെയ്യാറില്ലെന്ന ന്യായമാണ് അവർ അന്ന് അതിന് പറഞ്ഞതെന്നും ശർമ്മിഷ്ഠ വെളിപ്പെടുത്തി.
ബാബ മരിച്ചപ്പോൾ അനുശോചന യോഗത്തിന് വേണ്ടി കോൺഗ്രസ് വർക്കിങ് കമ്മിറ്റി വിളിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല. ഇത് രാഷ്ട്രപതിമാരുടെ കാര്യത്തിൽ ചെയ്യാറില്ല എന്ന് ഒരു മുതിർന്ന നേതാവ് എന്നോട് പറഞ്ഞു.എന്നാൽ ഇത് അസംബന്ധം ആണെന്ന് എനിക്ക് പിന്നീട് മനസിലായി. കെആർ നാരായണൻ്റെ മരണത്തിൽ CWC വിളിച്ചിരുന്നുവെന്നും അനുശോചന സന്ദേശമയച്ചത് ബാബ മാത്രമാണെന്നും ബാബയുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് ഞാൻ പിന്നീട് മനസിലാക്കി.
അതേസമയം അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. സിംഗിന് ഒരു സ്മാരകം എന്നത് ഒരു മികച്ച ആശയമാണെന്ന് ശർമ്മിഷ്ഠ പറഞ്ഞു. രാഷ്ട്രപതി എന്ന നിലയിൽ ബാബ അദ്ദേഹത്തിന് നൽകാൻ ആഗ്രഹിച്ച ഭാരതരത്‌നയ്ക്കും അദ്ദേഹം അർഹനാണ്; പക്ഷേ, പറയാൻ പറ്റാത്ത കാരണങ്ങളാൽ അത് സംഭവിച്ചില്ല. ശർമ്മിഷ്ഠ കൂട്ടിച്ചേർത്തു.
Discussion about this post