തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന ഇടത് നേതാവ് മധു മുല്ലശ്ശേരിയ്‌ക്കെതിരെ സിപിഎമ്മിന്റെ പ്രതികാര നടപടി. സിപിഎം നേതൃത്വം നൽകിയ പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. മംഗാപുരം പോലീസിന്റേതാണ് നടപടി.
സിപിഎം മംഗലപുരം നേതൃത്വമാണ് പോലീസിൽ പരാതി നൽകിയത്. സിപിഎം ഏരിയാ സെക്രട്ടറി ജലീൽ ആണ് പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ 10 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും പോലീസിനെ സമീപിച്ചു. എന്നാൽ ഇതിൽ പോലീസ് കേസ് എടുത്തിരുന്നില്ല. തുടർന്ന് സിപിഎം പോലീസിന് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതോടെയാണ് പോലീസ് കേസ് എടുത്തത്.
ഏരിയാ സമ്മേളനത്തിന്റെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപിയിൽ ചേർന്നതിന് തൊട്ട് പിന്നാലെ ആയിരുന്നു സിപിഎം പരാതി നൽകിയത്.
ഏരിയാ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകൾ 2500 രൂപ വീതം പിരിച്ച് 3.25 ലക്ഷം രൂപ മധുവിന് നൽകിയിരുന്നു. ഇതിന് പുറമേ വ്യക്തികളിൽ നിന്നും പണം പിരിച്ച് നൽകിയിരുന്നു. ഇതിൽ നിന്നും പണം തട്ടിയെന്നാണ് മധുവിന് എതിരെ ഉയരുന്ന ആരോപണം. പോത്തൻകോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാർ പരാതി ഉയർത്തയിരുന്നു. ഇതിന് പിന്നാലെയാണ് പണം തട്ടിയെന്ന് ആരോപിച്ച് കേസ് എടുത്തത്.
Discussion about this post