എറണാകുളം: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയില്‍ നിന്നും വീണു പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെൻ്റിലേറ്ററിലേക്ക് മാറ്റി. വിശദമായ പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. ഉമ തോമസിന്റെ തലച്ചോറില്‍ മുറിവുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റിട്ടുണ്ട്. നട്ടെല്ലിനും പരുക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ കൊച്ചി റിനൈ മെഡിസിറ്റിയില്‍ ആണ് ഉമ തോമസ്.
ശ്വാസകോശത്തിൽ രക്തം കയറിയെന്നും ബോധം, പ്രതികരണം, ഓർമ്മയെ ഒക്കെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്തില്ല. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
കോൺക്രീറ്റിൽ തലയടിച്ചാണ് എംഎല്‍എ വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അതേസമയം, അപകട വാർത്തയറിഞ്ഞ് ആശുപത്രിയിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തിയിട്ടുണ്ട്. മന്ത്രി സജി ചെറിയാനും ഹൈബി ഈഡൻ എംപിയും ആശുപത്രിയിലെത്തി.
ജോയ് ആലുക്കാസ് അവതരിപ്പിക്കുന്ന മൃദംഗനാദം പരിപാടിക്കിടെയായിരുന്നു അപകടം. 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തിയുള്ള പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ചലച്ചിത്ര താരം ദിവ്യഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് ആണ് വീണത് എന്നാണ് വിവരം. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി സജി ചെറിയാനെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് വീഴുകയായിരുന്നു.












