ന്യൂഡൽഹി : വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ നിരവധി നാളായുള്ള ആവശ്യമായിരുന്നു ഇത്. കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വയനാട് ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളത്.
കേന്ദ്രസർക്കാരിന്റെ ഈ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് കേന്ദ്രം കത്ത് നൽകിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സംസ്ഥാന റവന്യു സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള അധിക ഫണ്ടുകൾ സംസ്ഥാനത്തിന് ലഭിക്കുന്നതായിരിക്കും. കൂടാതെ എംപി ഫണ്ടുകളും പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാകും.
ഏതൊരു ദുരന്തവും അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചാൽ മാത്രമേ ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് അനുവദിക്കാൻ കഴിയുകയുള്ളൂ. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ കുറിച്ച് കേന്ദ്രമന്ത്രിസഭാ സമിതിയും അമ്മിക്കസ്ക്യൂറിയും നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളത്.
വയനാടിനായി പ്രത്യേക ധനസഹായ പാക്കേജ് അവതരിപ്പിക്കണമെന്ന് കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രസർക്കാർ മറുപടി നൽകിയിട്ടില്ല. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം നൽകുക, ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, പുനർനിർമാണത്തിന് പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ നാല് ആവശ്യങ്ങളാണ് കേരളം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുള്ളത്.
Discussion about this post