എറണാകുളം : കൊച്ചി കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. കലൂർ സ്റ്റേഡിയത്തിൽ വച്ച് നടന്ന നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ സിഇഒ ഷമീർ അബ്ദുൽ റഹീം ആണ് അറസ്റ്റിലായിരിക്കുന്നത്.
കൊച്ചിയിലെ ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെ ആണ് ഷമീറിനെ പോലീസ് പിടികൂടിയത്. ഇയാൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പോലീസിയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പന്ത്രണ്ടായിരത്തിലികം പേർ പങ്കെടുത്ത നൃത്തപരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായതെന്നാണ് ഫയർഫോഴ്സ് അടക്കമുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ പോലും പങ്കെടുത്ത പരിപാടിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങളോ ആവശ്യമായ പ്രോട്ടോകളോ പാലിച്ചിട്ടില്ലായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പന്ത്രണ്ടായിരത്തോളം നർത്തകരിൽ നിന്നുമായി കോടിക്കണക്കിന് രൂപയാണ് സംഘാടകർ ഈ പരിപാടിയുടെ പേരിൽ പിരിച്ചെടുത്തിരുന്നത്. എന്നാൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളും പരിപാടിയിൽ ഒരുക്കിയിരുന്നില്ല എന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.
കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച നൃത്ത പരിപാടിയുടെ സംഘാടകർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. 3500ലേറെ രൂപയായിരുന്നു പരിപാടിയിൽ പങ്കെടുത്തിരുന്ന നർത്തകരിൽ നിന്നും സംഘാടകർ ഈടാക്കിയിരുന്നത്. തമിഴ്നാടിന്റെ ഗിന്നസ് റെക്കോർഡ് തകർക്കുന്ന കേരളത്തിന്റെ പരിപാടി എന്ന രീതിയിലായിരുന്നു പ്രചാരണവും നടന്നത്. ഈ കാരണത്താൽ ഇത് സർക്കാർ പരിപാടിയാണെന്നായിരുന്നു ഭൂരിഭാഗം പേരും കരുതിയിരുന്നത്. പരിപാടിയിൽ പങ്കെടുത്ത നർത്തകരിൽ നിന്നും പണം വാങ്ങിയത് കൂടാതെ വലിയ രീതിയിലുള്ള ടിക്കറ്റ് നിരക്കും ഏർപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
Discussion about this post