ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അദ്ദേഹം ഈക്കാര്യം ‘മനസ്സിൽ’ തീരുമാനിച്ചതായും 2024-25 ബോർഡറിലെ അവസാന ടെസ്റ്റിന് ശേഷം പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ടുണ്ട്. രോഹിത് ശർമ്മയുടെ ടെസ്റ്റ് ടീമിലെ സ്ഥാനത്തെക്കുറിച്ച് സെലക്ടർമാരും ക്രിക്കറ്റ് കൺട്രോൾ ബോർഡിലെ (ബിസിസിഐ) അംഗങ്ങളും തമ്മിൽ ചർച്ച നടത്തിയതായാണ് പുറത്ത് വരുന്ന വിവരം. ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ദേശീയ മാദ്ധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യ ഡബ്ല്യുടിസി ഫൈനലിന് യോഗ്യത നേടിയാൽ, തന്നെ ഫൈനലിൽ കളിക്കാൻ അനുവദിക്കണമെന്ന് ബോർഡ് അംഗങ്ങളെയും സെലക്ടർമാരെയും ബോധ്യപ്പെടുത്താൻ ക്യാപ്റ്റൻ ശ്രമിക്കുമെന്നും എന്നാൽ സിഡ്‌നി ടെസ്റ്റിൽ ഇന്ത്യ വിജയിച്ചില്ലെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കുമെന്നുമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് .
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌കർ-ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മെൽബൺ ടെസ്റ്റിൽ ഇന്ത്യ 184 റൺസിൻ്റെ കൂറ്റൻ തോൽവിക്ക് തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് വന്നത്. ഈ തോൽവി രോഹിതിൻ്റെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള ആറ് ടെസ്റ്റുകളിലെ (5 തോൽവികളും ഒരു സമനിലയും) നഷ്ടങ്ങളുടെ കണക്ക് വർദ്ധിപ്പിച്ചിട്ടുണ്ട് , ഇത് അദ്ദേഹത്തിൻ്റെ അവസ്ഥ ഇപ്പോൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
അടുത്തിടെ, രാജ്യത്തിൻ്റെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയെ ന്യൂസിലൻഡ് സ്വന്തം തട്ടകത്തിൽ വൈറ്റ്വാഷ് ചെയ്തിരുന്നു . കളിയിൽ തോറ്റ അവസ്ഥയിലായിരുന്ന ഇന്ത്യയെ മഴ സഹായിച്ചപ്പോഴാണ് ഗാബയിൽ സമനില നേടാനായത്. 2024-25 ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഏക ജയം വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ആണ് പിറന്നത്.
Discussion about this post