ന്യൂഡൽഹി ∙ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളെ ജഡ്ജിമാരായി ശുപാർശ ചെയ്യുന്നത് ഒഴിവാക്കുന്നതു പരിഗണനയിൽ. ജഡ്ജി നിയമനത്തിൽ സ്വജനപക്ഷപാതം കൂടുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഇത്തരമൊരു നീക്കം. സുപ്രീം കോടതി കൊളീജിയത്തിലെ ഒരു ജഡ്ജി ഇതു സംബന്ധിച്ച ശുപാർശ മുന്നോട്ടുവച്ചെന്നും പലരും ഇതിനെ പിന്തുണച്ചെന്നുമാണു വിവരം.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിൽ ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ്, എ.എസ്.ഓക്ക എന്നിവരാണ് അംഗങ്ങൾ.
നിലവിലെ അല്ലെങ്കിൽ മുൻ സുപ്രീം കോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജിമാരായ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഉള്ളവർക്കാണ് ഈ തീരുമാനം ബാധകമാകുന്നത്. ഇത്തരത്തിലുള്ളവർ സ്ഥാനാർത്ഥികളെ ശുപാർശ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഹൈക്കോടതി കൊളീജിയങ്ങൾക്ക് നിർദ്ദേശം നൽകുന്ന ആശയം ആണ് കൊളീജിയം പരിഗണിക്കുന്നത്.
ഈ നിർദ്ദേശം അർഹരായ ചില ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കാമെങ്കിലും, ആദ്യ തലമുറയിലെ അഭിഭാഷകർക്ക് ഇത് അവസരങ്ങൾ തുറക്കുമെന്നും ഭരണഘടനാ കോടതികളിൽ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം വിശാലമാക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post