വർഷം 2022 , ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടം നടക്കുകയാണ്. ദുബായിലെ സ്റ്റേഡിയം നിറയെ ആരാധകർ ആയിരുന്നു. ഗാലറിയിൽ ഇന്ത്യ-പാക് പതാകകൾ പാറിപ്പറക്കുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. അതൊരു വേട്ടയുടെ തുടക്കമായിരുന്നു. ഭുവനേശ്വർ കുമാറിന്റെ സ്വിംഗും ഹാർദിക് പാണ്ഡ്യയുടെ കൃത്യതയാർന്ന ഷോർട്ട് ബോളുകളും പാക് ബാറ്റർമാരെ വട്ടംകറക്കി.
ബാബർ അസമും റിസ്‌വാനും പൊരുതിയെങ്കിലും ഹാർദിക് പാണ്ഡ്യ എന്ന ‘ഗെയിം ചേഞ്ചർ’ തന്റെ മൂന്ന് നിർണ്ണായക വിക്കറ്റുകളിലൂടെ പാക് പടയെ 147 റൺസിൽ തളച്ചു. ഓരോ വിക്കറ്റ് നേടുമ്പോഴും ആ മുഖത്ത് കണ്ട ആത്മവിശ്വാസം വരാനിരിക്കുന്ന വലിയൊരു ക്ലൈമാക്സിന്റെ സൂചനയായിരുന്നു.
148 റൺസ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ കെ.എൽ. രാഹുലിനെ നഷ്ടമായി. പാക് പേസർ നസീം ഷായുടെ തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ രോഹിത്തും കോഹ്‌ലിയും പൊരുതി. ഇരുവരും ചേർന്നുള്ള മികച്ച കൂട്ടുകെട്ടിന് ശേഷം ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നെന്ന തോന്നിച്ചെങ്കിലും ഇരുവരുടെയും വിക്കറ്റുകൾ വീണതോടെ ഇന്ത്യ ബാക്ക്‌ഫുട്ടിലായി. അതിനിടയിൽ സൂര്യകുമാർ യാദവ് വീണതോടെ സ്റ്റേഡിയം നിശബ്ദമായി. ഇന്ത്യ 89-ന് 4 എന്ന നിലയിൽ പതറുന്ന അവസ്ഥയിലായി കാര്യങ്ങൾ. പാക് ആരാധകർ ആഹ്ലാദ പ്രകടനം തുടങ്ങുകയും ചെയ്തു.
ഇവിടെയാണ് സിനിമയിലെ വെല്ലുന്ന ട്വിസ്റ്റ് സംഭവിക്കുന്നത്. രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും ഒത്തുചേർന്നു. അവസാന രണ്ടോവറിൽ ജയിക്കാൻ വേണ്ടത് 21 റൺസ്. പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളർ ഹാരിസ് റൗഫ് പന്തെറിയാൻ എത്തുന്നു. ഹാർദിക് പാണ്ഡ്യ എന്ന താരത്തിന്റെ വിശ്വരൂപം അവിടെ കണ്ടു. റൗഫിന്റെ ഓവറിൽ മൂന്ന് ബൗണ്ടറികൾ പായിച്ച് ഹാർദിക് കളി ഇന്ത്യയുടെ വരുതിയിലാക്കി. പക്ഷേ, നാടകം അവിടെ അവസാനിച്ചില്ല.
അവസാന 6 പന്തിൽ 7 റൺസ്. പാക് സ്പിന്നർ മുഹമ്മദ് നവാസ് എറിയുന്നു. ആദ്യ പന്തിൽ തന്നെ, ജഡേജ ക്ലീൻ ബൗൾഡ്, സ്റ്റേഡിയം വീണ്ടും നിശബ്ദമായി. രണ്ടാം പന്തിൽ ദിനേഷ് കാർത്തിക് ഒരു സിംഗിൾ എടുക്കുന്നു. ശേഷം മൂന്നാം പന്ത് ഹാർദിക് പാണ്ഡ്യ പന്ത് നേരിടുന്നു, പക്ഷേ റണ്ണില്ല. ഡോട്ട് ബോൾ, ഇന്ത്യൻ ടഗ്ഔട്ടിലും ആരാധകരിലും സമ്മർദ്ദം നിറഞ്ഞ് നിൽക്കുന്നു. 3 പന്തിൽ 6 റൺസ്. നവാസ് അടുത്ത പന്തിനായി തയ്യാറെടുക്കുന്നു.
മറുപുറത്ത് കാർത്തിക് ആശങ്കയോടെ ഹാർദിക്കിനെ നോക്കുന്നു. പക്ഷേ, ഹാർദിക് പാണ്ഡ്യ ചെയ്തത് ഞെട്ടിപ്പിക്കുന്നത് ആയിരുന്നു. കാർത്തിക്കിനെ നോക്കി ഒരു തണുപ്പൻ കണ്ണുചിമ്മലോടെ “ഞാനിവിടെയുണ്ടല്ലോ (I am here)” എന്ന് ആംഗ്യം കാണിച്ചു. ലോകം കണ്ട ഏറ്റവും വലിയ ‘കൂൾ’ മൊമെന്റ്. ശേഷം നവാസ് നാലാം പന്തെറിഞ്ഞു. ഹാർദിക്കിന്റെ ബാറ്റ് വായുവിൽ ഒരു വില്ലുപോലെ വളഞ്ഞു. ലോംഗ് ഓണിന് മുകളിലൂടെ ആ വെടിയുണ്ട പറന്നു. സിക്സർ, ഫിനിഷ്ഡ് ഇൻ സ്റ്റൈൽ.
ഹാർദിക് പാണ്ഡ്യ തന്റെ ബാറ്റ് ശാന്തമായി താഴ്ത്തിപ്പിടിച്ചു. ഒരു പുഞ്ചിരി പോലുമില്ലാതെ, ഇതൊക്കെ നിസ്സാരം എന്ന ഭാവത്തിൽ അദ്ദേഹം നടന്നുനീങ്ങി. ദുബായ് സ്റ്റേഡിയം നീലക്കടലായി മാറി.













Discussion about this post