വാഷിംഗ്‌ടൺ: ചൈനീസ് സർക്കാർ പിന്തുണയോട് കൂടിയ ഹാക്കർമാർ അമേരിക്കൻ ട്രഷറിയിലേക്ക് സൈബർ ആക്രമണം നടത്തിയതായി റിപ്പോർട്ട്. യുഎസ് ട്രഷറി വർക്ക് സ്റ്റേഷനുകളിലേക്കും നിർണ്ണായക രേഖകളിലേക്കും അവർക്ക് പ്രവേശനം ലഭിച്ചതായും യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് തിങ്കളാഴ്ച കോൺഗ്രസിനെ അറിയിച്ചു.
ഡിസംബർ 8 നാണ് സൈബർ ആക്രമണം നടന്നത് എന്നാണ് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നത്. മോഷ്ടിക്കപ്പെട്ട പാസ്സ്‌വേർഡ് ഉപയോഗിച്ച് റിമോട്ട് ആയി അമേരിക്കൻ ട്രഷറി ഫയലുകളിലേക്ക് ചൈനീസ് ഹാക്കിങ് സംവിധാനം കടന്നു കയറി എന്നാണ് ട്രഷറി ഡിപ്പാർട്മെന്റ് കോൺഗ്രസ്സിന് നൽകിയ കത്ത് വ്യക്തമാക്കുന്നത്.
ലഭ്യമായ സൂചനകളെ അടിസ്ഥാനമാക്കി, ചൈനീസ് സ്റ്റേറ്റ് സ്പോൺസർ ചെയ്ത അഡ്വാൻസ്ഡ് പെർസിസ്റ്റൻ്റ് ത്രെറ്റ് (എപിടി) ആണ് സംഭവത്തിന് കാരണമായത്,” യുഎസ് ട്രഷറിയിലെ മാനേജ്‌മെൻ്റ് അസിസ്റ്റൻ്റ് സെക്രട്ടറി അദിതി ഹാർദികർ കത്തിൽ വെളിപ്പെടുത്തി.
“അഡ്വാൻസ്ഡ് പെർസിസ്റ്റൻ്റ് ത്രെട്ട് ” ന്റെ കടന്നുകയറ്റം “വലിയ സൈബർ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നുവെന്ന് ഹർദികർ കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ ആക്രമണം മൂലമുണ്ടായ നാശനഷ്ടത്തിൻ്റെ പൂർണ്ണ വ്യാപ്തി ഇതുവരെ നിർണ്ണയിക്കപ്പെട്ടിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
സൈബർ കടന്നുകയറ്റം വിശകലനം ചെയ്യാൻ ട്രഷറി ഉദ്യോഗസ്ഥർ ഹൗസ് ഫിനാൻഷ്യൽ സർവീസസ് കമ്മിറ്റിയുമായി അടുത്ത ആഴ്ച ഒരു ക്ലാസിഫൈഡ് ബ്രീഫിംഗ് നടത്താൻ സാധ്യതയുണ്ട്. ബ്രീഫിംഗിൻ്റെ കൃത്യമായ സമയം ഇതുവരെ തീരുമാനിച്ചിട്ടില്ല, ഒരു മുതിർന്ന കമ്മിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു.
Discussion about this post