ന്യൂഡല്‍ഹി: മൊബൈല്‍ ഉപയോക്താക്കള്‍ക്ക് നിരന്തരമായി വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ ഒരുലക്ഷത്തിലധികം വ്യാജ എസ്എംഎസ് ടെംപ്ലേറ്റുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി).
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ ചട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സംശായാസ്പദമായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സഞ്ചാര്‍ സാത്തി പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മൊബൈല്‍ ഉപയോക്താക്കളോട് ഡിഒടി നിര്‍ദേശിച്ചു.
എസ്ബിഐയുടേതെന്ന പേരില്‍ വരുന്ന വ്യാജ എസ്എംഎസിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച എക്സ് പോസ്റ്റിലാണ് എസ്എംഎസ് ടെംപ്ലേറ്റുകള്‍ക്കെതിരെ നടപടിയെടുത്തതായി ഡിഒടി അറിയിച്ചത്. ബാങ്കുകളോ സര്‍ക്കാര്‍ ഏജന്‍സികളോ എസ്എംഎസ് വഴി വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്നും ടെലികോം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വ്യാജ കോളുകളും സന്ദേശങ്ങളും ഉപയോക്താക്കള്‍ക്ക് വരുന്നത് തടയുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ടെലികോം റെഗുലേറ്ററും ഡിഒടിയും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം ആശയവിനിമയങ്ങള്‍ തടയാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ശ്രദ്ധിക്കണം. എല്ലാ ടെലിമാര്‍ക്കറ്റിങ് സ്ഥാപനങ്ങളും അവരുടെ സന്ദേശങ്ങള്‍ വ്യാജമല്ലെന്ന് ഉറപ്പാക്കാന്‍ വൈറ്റ്‌ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post