കോട്ടയം : തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കേരളത്തിൽ നിന്നും ആരംഭിക്കുന്ന പുതിയ സ്പെഷൽ ബസ് സർവീസുകൾക്ക് ഇന്നുമുതൽ തുടക്കമാകും. വൈക്കത്ത് നിന്നും ആണ് തമിഴ്നാട് ബസ് സർവീസ് ആരംഭിക്കുന്നത്. വൈക്കത്ത് നിന്ന് ചെന്നൈയിലേക്കും വേളാങ്കണ്ണിയിലേക്കും ആയിരിക്കും സ്പെഷൽ ബസ് സർവീസ് ഉള്ളത്.
ജനുവരി 1ന് വൈകിട്ട് 5 മണിയ്ക്ക് ആണ് തമിഴ്നാട് സർക്കാരിന്റെ പുതിയ ബസ് സർവീസുകളുടെ ഉദ്ഘാടനം വൈക്കത്ത് വെച്ച് നടക്കുന്നത്.
വൈക്കം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ കേരള ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറും തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്എസ് ശിവശങ്കറും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ചെന്നൈയിലേക്കും വേളാങ്കണ്ണിയിലേക്കും ഉള്ള രണ്ട് ബസ് സർവീസുകൾ ആണ് ഇന്നുമുതൽ ആരംഭിക്കുന്നത്.
ഇതുകൂടാതെ നാളെ പുതിയൊരു ബസ് സർവീസും തമിഴ്നാട് സർക്കാർ കേരളത്തിൽ നിന്നും ആരംഭിക്കുന്നുണ്ട്. തിരുനൽവേലി – ആര്യങ്കാവ് സർവീസ് ആണ് നാളെ മുതൽ ആരംഭിക്കുന്നത്. നാളെ വൈകിട്ട് 5 മണിയ്ക്ക് ആര്യങ്കാവിൽ വെച്ച് കെബി ഗണേഷ് കുമാറും എസ്എസ് ശിവശങ്കറും ചേർന്ന് ഈ സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കും.
വൈക്കം – ചെന്നൈ സർവീസിന് 697 കിലോമീറ്റർ ദൂരമാണ് ഉള്ളത്. 810 രൂപയാണ് വൈക്കത്തു നിന്നും ചെന്നൈയിലേക്കുള്ള ടിക്കറ്റ് നിരക്ക്. വേളാങ്കണ്ണിയിലേക്ക് 612 കിലോമീറ്റർ ദൂരവും 715 രൂപ ടിക്കറ്റ് നിരക്കും ആണ് ഉള്ളത്. ചെന്നൈയിലേക്കും വേളാങ്കണ്ണിയിലേക്കും പോകുന്ന വിദ്യാർത്ഥികൾക്കും തീർത്ഥാടകർക്കും ഏറെ ഉപകാരപ്രദമായിരിക്കും തമിഴ്നാട് സർക്കാരിന്റെ ഈ പുതിയ സർവീസ്. വൈക്കം – ചെന്നൈ ബസ് വൈകീട്ട് 03:30നാണ് യാത്ര ആരംഭിക്കുക. ചെന്നൈയിൽ നിന്ന് പിറ്റേന്ന് വൈകീട്ട് നാല് മണിക്ക് മടക്കയാത്രയും ഉണ്ടാകും. വേളാങ്കണ്ണി ബസ് വൈകീട്ട് 04:00 മണിയ്ക്കാണ് വൈക്കത്ത് നിന്ന് പുറപ്പെടുക. പിറ്റേന്ന് വൈകീട്ട് 04:30ന് വേളാങ്കണ്ണിയിൽ നിന്നും മടക്കയാത്രയും ഉണ്ടായിരിക്കും.
Discussion about this post