ആയുസ്സ് വർദ്ധിപ്പിക്കാനായി നടത്തുന്ന കഠിന പരിശ്രമങ്ങളുടെ പേരിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയനാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ. കഠിനമായ രീതിയിലുള്ള ജീവിതശൈലികൾ പിന്തുടരുന്ന വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭക്ഷണത്തിലെ ശക്തമായ നിയന്ത്രണം മുതൽ രക്ത പ്ലാസ്മ ട്രാൻസ്ഫ്യൂഷൻ വരെയുള്ള കാര്യങ്ങൾ കൊണ്ടാണ് ബ്രയാൻ ജോൺസൺ ആയുസ്സ് വർദ്ധിപ്പിക്കാനായി പരിശ്രമിക്കുന്നത്.
ഇപ്പോൾ ഇന്ത്യൻ ഭക്ഷണത്തെ പ്രകീർത്തിച്ചുകൊണ്ട് ബ്രയാൻ ജോൺസൺ രംഗത്ത് വന്നിരിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്. ബ്രയാൻ ജോൺസൺ തൻ്റെ ‘ഡോണ്ട് ഡൈ’ എന്ന പുസ്തകത്തിൻ്റെ പ്രചരണത്തിനായി ഈ മാസം ആദ്യം ഇന്ത്യയിൽ എത്തിയിരുന്നു. ഭക്ഷണ കാര്യത്തിൽ കർശനനിഷ്ഠകൾ ഉള്ളതിനാൽ തൻ്റെ ഒരാഴ്ചത്തെ യാത്രയിൽ ആറു ദിവസത്തേക്കുള്ള ഭക്ഷണം മുൻകൂട്ടി പാക്ക് ചെയ്താണ് അദ്ദേഹം ഇന്ത്യയിൽ എത്തിയിരുന്നത്. എന്നാൽ ഇന്ത്യൻ ഭക്ഷണം തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ഇപ്പോൾ ബ്രയാൻ ജോൺസൺ വ്യക്തമാക്കുന്നത്.
ഫാസ്റ്റ് ഫുഡ്, ഫുട്ബോൾ എന്നിവയെ ഒഴിവാക്കിക്കൊണ്ട് ഇപ്പോൾ ആരോഗ്യം, ശാസ്ത്രം, ഇന്ത്യൻ ഭക്ഷണം എന്നിവയിലേക്ക് നീങ്ങുകയാണെന്നാണ് ജോൺസൺ തന്റെ സമൂഹമാദ്ധ്യമ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുമുള്ള നിരവധി പേർ ഈ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തിയപ്പോൾ ചില വിദേശികൾ ഇന്ത്യൻ ഭക്ഷണം ആരോഗ്യകരമല്ല എന്നും അഭിപ്രായപ്പെട്ടു.
Discussion about this post