ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയ്ക്കുള്ളിലേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്ന സര്‍വ്വ വിമാനക്കമ്പനികളും വിദേശയാത്രക്കാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ കസ്റ്റംസിന് നല്‍കണമെന്ന് നിര്‍ദേശം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും. ജനുവരി 10നകം നാഷണല്‍ കസ്റ്റംസ് ടാര്‍ഗറ്റിംഗ് സെന്റര്‍-പാസഞ്ചര്‍ (NCTC-Pax)ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി)പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.
വിമാനം പുറപ്പെടുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് മൊബൈല്‍ നമ്പര്‍, പേയ്മെന്റ് മോഡ് തുടങ്ങിയ യാത്രാവിവരങ്ങള്‍ അധികൃതരുമായി പങ്കിടണമെന്നും നിര്‍ദേശമുണ്ട്. 2022 ആഗസ്റ്റ് എട്ടിന് സിബിഐസി ‘പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍സ്’ എന്ന പേരില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ നിര്‍ദേശപ്രകാരം വിമാനക്കമ്പനികള്‍ വിദേശയാത്രക്കാരുടെ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് (പിഎന്‍ആര്‍) വിവരങ്ങള്‍ കസ്റ്റംസ് വകുപ്പിന് നല്‍കണം.
വിവരങ്ങള്‍ നല്‍കാത്ത വിമാനക്കമ്പനികള്‍ക്ക് 25000 രൂപ മുതല്‍ 50000 രൂപ വരെ പിഴയേര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായുള്ള സംവിധാനം NCTC-Pax വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സിബിഐസി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.
ഫെബ്രുവരി 10മുതല്‍ ചില എയര്‍ലൈനുകളില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ദേശം പൂര്‍ണമായും നടപ്പിലാക്കും. സിബിഐസി വ്യക്തമാക്കി.
Discussion about this post