ഒരുജോലി നേടുന്നതും അതുമല്ലെങ്കിൽ ഒരു ബിസിനസ് ആരംഭിച്ച് അത് അത്യുന്നതങ്ങളിൽ എത്തിക്കുന്നതും പലരുടെയും സ്വപ്‌നമായിരിക്കും. പലരും ആ സ്വപ്‌നത്തിന് പിറകേ പോയി വിജയം കൈവരിക്കുന്നു. അത്തരത്തിലൊരു വിജയിയുടെ കഥയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. പ്രമുഖ ഇലക്ട്രിക് കാർ ബാറ്ററി ഡെവലപ്പറായ ക്വാണ്ടംസ്‌കേപ്പിന്റെ സിഇഒയും സ്ഥാപകനുമായ ജഗ്ദീപ് സിംഗാണ് സോഷ്യൽമീഡിയയിൽ സ്റ്റാറാവുന്നത്. 48 കോടി രൂപയാണ് ദിവസവും ഇദ്ദേഹം നേടുന്നത്. ശമ്പളം ആകട്ടെ 17,500 കോടിരൂപയും. 10 വർഷം മുൻപ് മാത്രം ആരംഭിച്ച കമ്പനിയിലൂടെയാണ് ഇത്രയും വിറ്റുവരവ്. ഇലക്ട്രിക് കാറുകൾക്കായി ലിഥിയം മെറ്റൽ ബാറ്ററികളാണ് കമ്പനി വികസിപ്പിക്കുന്നത്.
കാലിഫോർണിയയിലെ സാൻ ജോസാണ് ക്വാണ്ടം സ്‌കേപ്പിന്റെ ആസ്ഥാനം. ബിസിനസ് മുന്നേറ്റത്തിന് അനുസരിച്ച് കമ്പനിയുടെ 230 കോടി ഡോളർ വരെ മൂല്യമുള്ള സ്റ്റോക്ക് ഓപ്ഷനുകൾക്കും ഇദ്ദേഹം യോഗ്യനാണ്. ക്വാണ്ടംസ്‌കേപ്പിന്റെ വാർഷിക ഷെയർഹോൾഡർ മീറ്റിംഗിന്റെ വെബ്കാസ്റ്റ് സമയത്ത്, ഓഹരി ഉടമകൾ സിഇഒയ്ക്ക് ഒരു മൾട്ടി ബില്യൺ ഡോളറിന്റെ ശമ്പള പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു.
2010ലാണ് ജഗ്ദീപ് സിംഗ്, ടിം ഹോം, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഫ്രിറ്റ്‌സ് പ്രിൻസ് എന്നിവരോടൊപ്പം ക്വാണ്ടംസ്‌കേപ്പ് സ്ഥാപിച്ചത്. 2012 മുതൽ കമ്പനി ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗനുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി
സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയിൽ ക്വാണ്ടംസ്‌കേപ്പിന്റെ മുന്നേറ്റം അതിനെ ഇവി വ്യവസായത്തിലെ ഒരു പ്രധാന കമ്പനിയായി മാറ്റിയിരിക്കുന്നു. സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ പരമ്പരാഗത ലിഥിയം-അയൺ ബാറ്ററികളേക്കാൾ സുരക്ഷിതവും കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാണ്, ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയിൽ നിർണായകമാണ്.നവീകരണത്തിലും ആഗോള ഭീമന്മാരുമായുള്ള പങ്കാളിത്തത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സിംഗ് ക്വാണ്ടംസ്‌കേപ്പിനെ ഇവി ബാറ്ററി വ്യവസായത്തിന്റെ മുൻനിരയിലേക്ക് വിജയകരമായി മുന്നോട്ട് നയിച്ചു.
Discussion about this post