തൃശ്ശൂർ : ഫ്ലാറ്റിലേക്ക് പന്നിപ്പടക്കം എറിഞ്ഞതിന് നാല് കൗമാരക്കാർ പിടിയിൽ. തൃശൂര്‍ പുല്ലഴിയില്‍ ആണ് സംഭവം. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന്റെ ഫ്ലാറ്റിലേക്ക് ആണ് കൗമാരക്കാരായ നാല് പേർ ചേർന്ന് പന്നിപ്പടക്കം എറിഞ്ഞത്. എന്നാൽ പ്രതികൾ ഫ്ലാറ്റ് മാറിയാണ് പടക്കമറിഞ്ഞതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർ സ്ഥിരം കുറ്റവാളികൾ ആണെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ഹൗസിംഗ് ബോർഡിന്റെ ഫ്ലാറ്റ് സമുച്ചയത്തിൽ പടക്കമേറ് ഉണ്ടായത്. സംഭവത്തിനുശേഷം പ്രതികൾ സ്ഥലത്ത് നിന്നും ഓടിപ്പോയി. പന്നിപ്പടക്കം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഫ്ലാറ്റിന്റെ വാതിലുകൾക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയും നാലു പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രായപൂർത്തിയാകാത്തവരാണ് നാലു പ്രതികളും. ഹൗസിംഗ് ബോർഡിന്റെ ഫ്ലാറ്റ് സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിലെ കുട്ടികളുമായി പ്രതികൾ തർക്കം ഉണ്ടായിരുന്നു. ഈ മുൻ വൈരാഗ്യം തീർക്കാനാണ് പന്നിപ്പടക്കം എറിഞ്ഞത്. എന്നാൽ പിന്നീടാണ് ഫ്ലാറ്റ് മാറിപ്പോയതായി മനസ്സിലാക്കിയത്. ഒളരിയിലെ പ്രതികളുടെ വീടുകളിൽ നിന്നുമാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Discussion about this post