മലപ്പുറം: വർഗീയ ശക്തികളോട് പൂർണ്ണമായും കീഴ്പ്പെടുന്ന നിലയിലാണ് മുസ്ലിംലീഗ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തുടർന്നാൽ ഭാവിയിൽ വർഗീയ ശക്തികൾ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും ഈ രാഷ്ട്രീയം അപകടകരമെന്നും അദ്ദേഹം പറഞ്ഞു.
ഇത് മുസ്ലിംലീഗ് മനസിലാക്കിയില്ലെങ്കിൽ വൻദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുന്നി വിഭാഗം എക്കാലവും അകറ്റി നിറുത്തിയവരാണ് ജമാഅത്തെ ഇസ്ലാമി. ഇവർ ഇപ്പോൾ യു.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിംലീഗിന് ഇപ്പോൾ അവരോട് വല്ലാത്ത പ്രതിപത്തിയാണ്. ഇത് അപകടകരമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പാലക്കാട് തിരഞ്ഞെടുപ്പിൽ ജമാത് ഇ ഇസ്ലാമിയും എസ് ഡി പി ഐ യും യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പരസ്യമായി തിരഞ്ഞെടുപ്പിൽ ഇടപെട്ടു എന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് പരസ്യമായി ഇത് സമ്മതിച്ചു കൊണ്ട് രണ്ട് തീവ്ര രാഷ്ട്രീയ പാർട്ടികളും മുന്നോട്ട് വന്നിരുന്നു.
Discussion about this post