കോഴിക്കോട്: സക്ഷമ കോഴിക്കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി അഞ്ചിന് ഞായറാഴ്ച വൈകുന്നേരം ഭിന്നശേഷിക്കാരുടെ റാലിയും പൊതുസമ്മേളനവും നടത്തും. ദിവ്യംഗ സമൂഹത്തിന്റെ നിയമപരമായിട്ടുള്ള അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ദേശീയതലത്തിൽ ഭിന്നശേഷി ക്ഷേമത്തിനായി പ്രവർത്തിച്ചു വരുന്ന സക്ഷമയുടെ ആഭിമുഖ്യത്തിൽ “എന്റെ വഴി എന്റെ ജീവിതം” എന്ന ബോധവത്കരണ പരിപാടി കേരളം മുഴുവൻ നടത്തി വരുകയാണ്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയും പൊതുസമ്മേളനവും.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ ജി പ്രകാശ് ഐ എ എസ് ആണ് ഉദ്‌ഘാടന കർമ്മം നിർവഹിക്കുന്നത്.
2016 ഡിസംബർ 28 പാർലമെന്റ് പാസാക്കിയ ഭിന്നശേഷി അവകാശ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭിന്നശേഷി സൗഹൃദങ്ങളായ കെട്ടിടങ്ങൾ, റോഡുകൾ, പാതയോരങ്ങൾ പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ സമയബന്ധിതമായി( 5 വർഷത്തിനുള്ളിൽ) നടപ്പിലാക്കണം എന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല.
21-തരം വെല്ലുവിളികൾ ഉൾപ്പെടുത്തി വിപുലീകരിച്ച ഭിന്നശേഷി പട്ടികക്കൊപ്പം ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ ഉൾപ്പെടുത്തി 2016 ഡിസംബർ 28 ന് പാർലമെന്റിൽ പാസാക്കിയ ഭിന്നശേഷി അവകാശ നിയമം 9 ആണ്ടുകൾ പിന്നിട്ടിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ല. അനുവദിച്ച നീതി നടപ്പിലാക്കി കിട്ടാൻ സുപ്രീംകോടതി വരെ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് ദിവ്യാംഗ സമൂഹത്തിന്റെ കാര്യങ്ങൾ.
നിയമത്തെ കുറിച്ചുള്ള അജ്ഞതയും നടപ്പിലാക്കേണ്ടവരുടെ അലംഭാവവുമാണ് കാരണം. ഇതിനെതിരെയുള്ള ബോധവൽക്കരണമാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.
വികലാംഗരുടെ അവകാശങ്ങൾ (ആർപിഡബ്ല്യുഡി) നിയമം, 2016, വികലാംഗർക്ക് തുല്യ അവസരങ്ങളും അന്തസ്സും ഉണ്ടെന്നും വിവേചനത്തിൽ നിന്ന് മുക്തരാണെന്നും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഒരു നിയമമാണ്. 2007-ലെ വികലാംഗരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ (UNCRPD) പ്രാബല്യത്തിൽ വരുത്തുന്നതിനാണ് ഇത് നടപ്പിലാക്കിയത്.
Discussion about this post