ചെന്നൈ: ലോകത്തെ ഏറ്റവും പഴക്കമേറിയ പ്രൗഢിയേറിയ സംസ്കാരങ്ങളിൽ ഒന്നാണ് സിന്ധു നദീതട സംസ്കാരം. സാങ്കേതിക വിദ്യയുടെയും എഞ്ചിനീയറിംഗ് കഴിവുകളുടെയും ഒരു വിസ്മയമായി സിന്ധു നദീതട സംസ്കാരം ഇന്നും അനേകരെ അത്ഭുതപ്പെടുത്തുകയാണ്. എന്നാൽ മറ്റ് എല്ലാ സംസ്കാരങ്ങളിൽ നിന്നും വ്യത്യസ്തമായി സിന്ധു നദിതട സംസ്കാരത്തിലെ ഭാഷ ഇതുവരെ മനസിലാക്കിയെടുക്കാൻ ലോകത്തിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ സിന്ധു നദീതട ലിപി ഒരു നൂറ്റാണ്ടിലേറെയായി ലോകത്തിന് ഒരു നിഗൂഢതയായി തുടരുകയാണ്.
എന്നാൽ ഇതിന്റെ ചുരുളഴിക്കാൻ ഒരു കൈനോക്കാം എന്ന് പ്രഖ്യാപിച്ചിരിക്കുയാണ്, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സിന്ധുനദീതട ലിപിയുടെ രഹസ്യം മനസിലാക്കാൻ കഴിയുന്നവർക്ക് ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി സ്റ്റാലിൻ.
സിന്ധു നാഗരികതയുടെ കണ്ടെത്തലിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ “ഒരുകാലത്ത് തഴച്ചുവളർന്ന സിന്ധുനദീതട നാഗരികതയുടെ സ്ക്രിപ്റ്റ് നമുക്ക് ഇപ്പോഴും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നില്ല.”
പ്രഹേളിക പരിഹരിക്കാനുള്ള ശ്രമങ്ങൾ പണ്ഡിതന്മാർ ഇന്നും തുടരുകയാണ്. എന്നാൽ വിജയത്തിലെത്തി എന്ന് പറയാനാവില്ല. അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ പൗരാണിക ലിപിയുടെ നിഗൂഢത പരിഹരിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനം നൽകുവാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. സ്റ്റാലിൻ പറഞ്ഞു.
ആദ്യകാലങ്ങളിൽ ഒന്നായ സിന്ധു നാഗരികത അതിൻ്റെ നഗര സംസ്കാരത്തിന് പേരുകേട്ടതാണ്, അതിൻ്റെ ലിപി ഇതുവരെ ഡീക്രിപ്റ്റ് ചെയ്തിട്ടില്ല. അത്തരമൊരു നാഗരികതയുടെ പെട്ടെന്നുണ്ടായ നാശവും അതിൻ്റെ പശ്ചാത്തലവും ഇന്നും ഒരു കടങ്കഥയായി അവശേഷിക്കുന്നു.
Discussion about this post