നീരിയം ഒലിയാണ്ടര്‍ എന്ന വിഭാഗത്തില്‍ പെടുന്ന സസ്യമാണ് അരളി. വളരെ ഭംഗിയുള്ള പുഷ്പ്പങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതൊരു വിഷച്ചെടിയാണ്. ഇതിലടങ്ങിയിരിക്കുന്ന ഒലിയാന്ഡ്രിന്‍, ഒലിയാന്‍ഡ്രോജെനീന്‍ തുടങ്ങിയ രാസഘടകങ്ങള്‍ ആണ് ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്.
ഇത് മരണം വരെ സംഭവിക്കാന്‍ ഇടയാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ ചെടിയുടെ കായ അല്ലെങ്കില്‍ ഇലകള്‍ ഒക്കെ കഴിച്ചു നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഇത് അപകടകാരിയാണ് പശുക്കള്‍ക്കും, ആടിനും ഒന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത് എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
കഴിക്കുന്നത് മാത്രമല്ല ഈ ചെടി കത്തിക്കുമ്പോള്‍ ഉയരുന്ന പുക ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് പ്രശ്‌നമാണ്. ഉണങ്ങിയ അരളിയിലയാണ് ഇതിന്റെ പച്ച സസ്യത്തെക്കാള്‍ അപകടകാരി. പുക ശ്വസിക്കുന്നത് ശരീരത്തെ വിഷമയമാക്കും.
വിഷമുള്ളതാണെങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേക്ക് കഴിക്കുന്നതിന് ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങള്‍ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങള്‍ക്കും പുറമേ പുരട്ടുന്നതിന് നല്ലതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിയന്ത്രിതമാത്രയില്‍ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വര്‍ദ്ധിപ്പിക്കും, കൂടുതല്‍ അളവിലുള്ള ഉപയോഗം ഇവയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകും








