സ്മാർട്ട് ഫോൺ വിപണിയിൽ പുതിയ അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കാനൊരുങ്ങി സാംസംഗും ആപ്പിളും. ഇരു കമ്പനികളുടെയും മുൻനിര സ്മാർട്ട്‌ഫോണുകളുടെ ഭംഗിയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉയർന്ന ബാറ്ററി ശേഷി കൈവരിക്കാനാണ് ടെക് ഭീമന്മാർ ലക്ഷ്യമിടുന്നത്. Oppo, Red Magic തുടങ്ങിയ ചൈനീസ് നിർമ്മാതാക്കൾ 7,000mAh-ൽ കൂടുതലുള്ള ബാറ്ററികൾ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകളുമായി വിപണിയെ നയിക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.
ഒരു റിപ്പോർട്ട് അനുസരിച്ച്, സാംസങ് അതിൻ്റെ ബാറ്ററികളിലെ സിലിക്കൺ ഉള്ളടക്കം ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് വേണ്ട നടപടികൾ എടുക്കുകയാണ്. കമ്പനിയുടെ പുതിയ ബാറ്ററി വികസന സംരംഭത്തിൻ്റെ ഭാഗമാണ് ഈ നവീകരണം. വർദ്ധിച്ച സിലിക്കൺ കോമ്പോസിഷൻ ബാറ്ററി വീർക്കൽ പോലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുമെന്നും മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആപ്പിളും നിലവിൽ അതിന്റെ ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. 2026 ൽ പുറത്തിറക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ പുതിയ ബാറ്ററി സാങ്കേതിക വിദ്യ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാംസംഗും ആപ്പിളും ഗവേഷണ-വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ചൈനീസ് ബ്രാൻഡുകൾ ഇതിനകം തന്നെ വൻ ബാറ്ററി ശേഷി കൈവരിച്ചിട്ടുണ്ട് . റെഡ് മാജിക് 10 പ്രോയിൽ 7,050എംഎഎച്ച് ബാറ്ററിയുണ്ട്, കൂടാതെ 7,000എംഎഎച്ച് വരെ ബാറ്ററികളുള്ള ഫോണുകൾ ഓപ്പോ നിർമ്മിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത് . ഈ വർഷാവസാനം 8,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണുകൾ ചൈനീസ് കമ്പനികൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിപണിയിൽ പിടിച്ചു നിൽക്കണമെങ്കിൽ ബാറ്റെറിയിൽ കാര്യമായി തന്നെ പണിയെടുക്കണം എന്ന് ആപ്പിളിനും സാംസങ്ങിനും ഇതിനോടകം മനസ്സിലായിട്ടുണ്ട്. എന്നാൽ എത്രമാത്രം അവർ ഇതിൽ വിജയിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.
Discussion about this post