കാഠ്മണ്ഡു : നേപ്പാൾ അതിർത്തിക്ക് സമീപം ടിബറ്റിൽ ഉണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി. 130 ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇനിയും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 7.1 തീവ്രതയിലാണ് ഭൂചലനം ഉണ്ടായത്.
നേപ്പാളിലെ നോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്ക് കിഴക്കാണ് ഇന്ന് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് താമസക്കാർ വീടുകളിൽ നിന്ന് ഇറങ്ങിയോടിയതായി റിപ്പോർട്ട്. ടിബറ്റിനോട് അതിർത്തി പങ്കിടുന്ന ഏഴ് മലയോര ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടതായി രാജ്യത്തിന്റെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഡൽഹി-എൻസിആറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു എന്നാണ് റിപ്പോർട്ട് .
‘ഞാൻ ഉറങ്ങുകയായിരുന്നു. കിടക്ക വിറയ്ക്കുന്നത് പോലെ തോന്നു. ആദ്യം വിചാരിച്ചത് എന്റെ കുട്ടി കിടക്ക നീക്കുകയാണെന്ന്ാണ്. കുറച്ച് കഴിഞ്ഞപ്പോൾ ജനാല കിടന്ന് കുലുങ്ങുന്നു. അപ്പോൾ ഞാൻ ഉറപ്പിച്ചു ഇത് ഭൂകമ്പമാണെന്ന് . ഞാൻ വേഗം എന്റെ കുട്ടിയെയും എടുത്ത് തുറന്ന ഗ്രൗണ്ടിലേക്ക് പോയി. കാഠ്മണ്ഡു നിവാസിയായ മീര പറഞ്ഞു.
രാവിലെ 6.35നാണ് ഭൂചലനമുണ്ടായത്. ഒന്നിനു പിറകേ ഒന്നായി മൂന്ന് ഭൂചലനങ്ങളാണ് പ്രദേശത്തുണ്ടായത്. പത്ത് കിലോമീറ്റർ ആഴത്തിൽ 7.02ന് ഉണ്ടായ രണ്ടാമത്തെ ഭൂചലനത്തിന്റെ തീവ്രത 4.7ആണ്. 4.9 തീവ്രതയായിരുന്നു 7.07ന് 30കിലോമീറ്റർ ആഴത്തിൽ ഉണ്ടായ മൂന്നാമത്തെ ഭൂചലനത്തിന്.
Discussion about this post