ന്യൂഡൽഹി:ചെറിയ കാലഘട്ടത്തെ അകൽച്ചയ്ക്ക് ശേഷം പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും മാലിദ്വീപും. മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ കഴിവ് വർധിപ്പിക്കുന്നതിനുള്ള പരിശീലനം, അഭ്യാസങ്ങൾ, പ്രതിരോധ പദ്ധതികൾ, ശിൽപശാലകൾ, സെമിനാറുകൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി പ്രതിരോധ സഹകരണത്തിൻ്റെ വിവിധ ഘടകങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്ച്ച മാലിദ്വീപ് പ്രതിരോധമന്ത്രി മുഹമ്മദ് ഗസ്സാൻ മൗമൂണുമായി ചർച്ച നടത്തും. പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു.
“ഇന്ത്യയും മാലിദ്വീപും ആത്മീയവും ചരിത്രപരവും ഭാഷാപരവും വംശീയവുമായ ബന്ധങ്ങൾ പങ്കിടുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (ഐഒആർ) സ്ഥിരതയും സമൃദ്ധിയും കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ‘അയൽപക്കത്തിന് ആദ്യം’ നയത്തിൽ മാലിദ്വീപിന് ഒരു പ്രത്യേക സ്ഥാനമുണ്ട്,” പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു
മാലിദ്വീപിന് പ്രതിരോധ ഉപകരണങ്ങളും സ്റ്റോറുകളും വിതരണം ചെയ്യുന്നതിനെക്കുറിച്ചും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ജനുവരി 8 മുതൽ 10 വരെയാണ് മൗമൂൺ ഇന്ത്യ സന്ദർശിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും മാലിദ്വീപ് സഹമന്ത്രി അബ്ദുള്ള ഖലീലും തമ്മിൽ കഴിഞ്ഞ വര്ഷം നടത്തിയ ചർച്ചയിൽ മാലിദ്വീപിന് ഇന്ത്യ തുടർ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ സന്ദർശനം.
കഴിഞ്ഞ ഒക്ടോബറിൽ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ഉഭയകക്ഷി ബന്ധങ്ങളിൽ സുപ്രധാനവും ക്രിയാത്മകവുമായ ചില സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജയശങ്കർ അഭിപ്രായപ്പെട്ടിരിന്നു.
Discussion about this post