ക്വാലാലംപൂർ : തന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സ്വയം കണ്ണിന് പരിക്കേൽപ്പിച്ച മലേഷ്യൻ പൗരനെതിരെ കേസ്. ഇൻഷുറൻസ് കമ്പനിയാണ് ഇയാൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് നൽകിയത്. മലേഷ്യയിലെ പെനാങ്ങിലാണ് സംഭവം നടന്നത്. ഭിന്നശേഷിക്കാരനും മൂന്ന് കുട്ടികളുടെ പിതാവുമായ 52കാരനെതിരെയാണ് കേസ്.
പെനാങ്ങിൽ താമസിക്കുന്ന ടാൻ കോക്ക് ഗുവാൻ എന്ന വ്യക്തിയാണ് ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി സ്വന്തം കണ്ണിന് പരിക്കേൽപ്പിച്ചത്. ഭിന്നശേഷിക്കാരനും ഹൃദ്രോഗവും പക്ഷാഘാതവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയുമായ ടാൻ കോക്ക് ഗുവാന് അപകടത്തിൽ പരുക്ക് പറ്റിയാൽ ഒരു മില്യൺ റിങ്കെറ്റ് ലഭിക്കുന്ന ഇൻഷുറൻസ് ഉണ്ടായിരുന്നു.
ഈ തുക സ്വന്തമാക്കുന്നതിനാണ് ഇയാൾ സ്വന്തം കണ്ണിന് പരിക്കേൽപ്പിച്ചത്. ഇടതു കണ്ണിന് പരിക്കേറ്റ നിലയിൽ ചികിത്സ തേടിയ ശേഷം ഇയാൾ ഇൻഷുറൻസ് ക്ലെയിം ചെയ്യുകയായിരുന്നു. എന്നാൽ ഇൻഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിനു ശേഷം ഇയാൾക്കെതിരെ വഞ്ചനാകുറ്റത്തിന് പരാതി നൽകുകയായിരുന്നു. ഭിന്നശേഷിക്കാരനും അസുഖബാധിതനും ആയതിനാൽ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുകയാണ് എന്നാണ് കോടതിയിൽ ഇയാൾ വ്യക്തമാക്കിയത്. എങ്കിലും കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചില്ല.
Discussion about this post