ഒട്ടാവ : കാനഡയിൽ ജസ്റ്റിൻ ട്രൂഡോ രാജി വച്ച പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതുതായി പരിഗണിക്കപ്പെടുന്നവരിൽ പ്രധാനിയാണ് ഇൻഡോ കനേഡിയൻ വനിതയായ അനിത ആനന്ദ്. ലിബറൽ പാർട്ടിയുടെ മുതിർന്ന അംഗമായ അനിത ട്രൂഡോ സർക്കാരിൽ ദേശീയ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ച് പരിചയസമ്പന്നയാണ്. ഒരു ഇന്ത്യൻ വംശജ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും എന്നാണ് ലിബറൽ പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നത്.
കാനഡയുടെ പ്രധാനമന്ത്രി പദവിയിലേക്ക് അനിത ആനന്ദ് എത്തുകയാണെങ്കിൽ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരിയും ഇന്ത്യൻ വംശജയായ ആദ്യ കനേഡിയൻ വനിതയുമായി അവർ ചരിത്രം കുറിക്കും. നേരത്തെ ദേശീയ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അനിത നിലവിൽ ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രിയാണ്.
1960-കളിൽ കാനഡയിലേക്ക് കുടിയേറിയ ഇന്ത്യൻ ദമ്പതികളുടെ മകളാണ് അനിത ആനന്ദ്. 1967 മെയ് 20 ന് നോവ സ്കോട്ടിയയിലെ കെൻ്റ്‌വില്ലിലാണ് അനിത ജനിച്ചത്. അനിതയുടെ പിതാവ് എസ്.വി. ആനന്ദ് തമിഴ്നാട്ടിൽ നിന്നും ഉള്ള ഡോക്ടറാണ്. കാനഡയിൽ നിരവധി വർഷങ്ങൾ ജനറൽ സർജനായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അനസ്‌തേഷ്യോളജിസ്റ്റ് ആയ അമ്മ സരോജ് പഞ്ചാബിൽ നിന്നുള്ള വ്യക്തിയാണ്. അനിത അടക്കം മൂന്നു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. അഭിഭാഷക ആയ ഗീത ആനന്ദും ഫിസിഷ്യൻ ആയ സോണിയ ആനന്ദുമാണ് അനിതയുടെ സഹോദരിമാർ.
1989-ൽ ഒൻ്റാറിയോയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സ്റ്റഡീസിൽ സ്വർണ്ണ മെഡൽ നേടിയ വ്യക്തിയാണ് അനിത ആനന്ദ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ശാസ്ത്രത്തിൽ ബിരുദവും നേടി. നിയമ മേഖലയിൽ ഉപരിപഠനം നടത്തിയ അനിത ആനന്ദ് പിന്നീട് ഡൽഹൗസി യൂണിവേഴ്സിറ്റിയിൽ നിന്നും കനേഡിയൻ നിയമത്തിൽ ബിരുദവും ടൊറൻ്റോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ടൊറൻ്റോ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ലോയിൽ പ്രൊഫസറായും അനിത സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019ൽ ആദ്യമായി പാർലമെന്റ് അംഗമായും അതേ വർഷം തന്നെ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് അനിത ആനന്ദ് കാനഡയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
Discussion about this post