വെള്ളിത്തിരയില്‍ അരങ്ങേറാനൊരുങ്ങി വന്ദേഭാരത് എക്സ്പ്രസ്. വന്ദേഭാരത് എക്സ്പ്രസിന്റെ വാണിജ്യ ഉപയോഗത്തിന് പശ്ചിമ റെയില്‍വേ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഷൂട്ടിംഗ്. ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വന്ദേഭാരതിന്റെ സിനിമാപ്രവേശം. ഷൂട്ടിംഗ് നടക്കുന്നതിനാല്‍ മുംബൈ-അഹമ്മദാബാദ് പാതയില്‍ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകളിലൊന്ന് ബുധനാഴ്ച സര്‍വീസ് നടത്തിയില്ലെന്ന് പശ്ചിമ റെയില്‍വേ അറിയിച്ചു.
സിനിമ ചിത്രീകരണത്തിനായി വന്ദേഭാരത് എക്സ്പ്രസ് വിട്ടുനല്‍കിയതിലൂടെ പ്രതിഫലമായി 23 ലക്ഷം രൂപയാണ് റെയില്‍വേയ്ക്ക് ലഭിച്ചത്. തലേദിവസം മുംബൈ-അഹമ്മദാബാദ് പാതയില്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തിയിരുന്നു. ഈ യാത്രയില്‍ നിന്ന് ഏകദേശം 20 ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിച്ചതെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു.
”വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ട്രെയിനുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, മറ്റ് റെയില്‍വേ പരിസരങ്ങള്‍ എന്നിവ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വിട്ടുനല്‍കാറുണ്ട്. എന്നാല്‍ വന്ദേഭാരതിന്റെ ആദ്യ ഊഴമാണ് ഇത്”, പശ്ചിമ റെയില്‍വേ പിആര്‍ഒ വിനീത് അഭിഷേക് പറഞ്ഞു. സിനിമാഷൂട്ടിംഗുകളില്‍ നിന്നുള്ള വരുമാനം റെയില്‍വേ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും നവീകരണത്തിനുമായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post