ആലപ്പുഴ: ഭൂമിയോളം ക്ഷമിക്കുന്നവരെ ചവിട്ടി താഴ്ത്തുകയാണ് ചെയ്യുന്നത് എന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ ഇതിന് തെളിവാണ്. അടുത്തിടെ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച പ്രമുഖ നടന്റെ പെൺമക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ ഞെട്ടിച്ചെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. കണ്ടതും കേട്ടതും എന്ന യൂട്യൂബ് ചാനലിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഒരാളുടെ ക്ഷമയെ ഭൂമിയോട് ആണ് ഉപമിക്കാറുള്ളത്. എന്നാൽ ഭൂമിയോളം ക്ഷമിക്കുന്നവരെ ഇന്ന് ചവിട്ടി താഴ്ത്തുന്നു. നടിയെ ആക്രമിച്ച കേസ് പരിശോധിച്ചാൽ വലിയ സൈബർ ആക്രമണങ്ങൾക്കാണ് ആ പെൺകുട്ടി വിധേയയായത്. ഇപ്പോഴും ആ രീതി തുടരുന്നു. ഇത്തനം മനോരോഗികളോട് ക്ഷമിക്കുകയോ പൊറുക്കുകയോ ഒരു മാപ്പ് പറച്ചിലിലൂടെ വിട്ടയയ്ക്കുകയോ അല്ല വേണ്ടത്. ധൈര്യപൂർവ്വം നിയമവഴിയിലൂടെയും അല്ലാതെയും നേരിടണം.
കാലം മാറുകയാണ്. പണ്ട് കാലത്ത് വസ്ത്രം എന്നത് ഒരു സംസ്‌കാരത്തിന്റെ ഭാഗം ആയിരുന്നു. പാവാടയും ദാവണിയും സാരിയും എല്ലാം ആയിരുന്നു അന്നത്തെ വസ്ത്രം. ഇന്നും ആ വസ്ത്രങ്ങളെക്കുറിച്ച് ആർക്കും ആക്ഷേപം ഇല്ല. നല്ല വസ്ത്രധാരണം എന്നാണ് ഇപ്പോഴും ഇതേക്കുറിച്ച് പറയാറുള്ളത്. പുതുതലമുറയ്ക്ക് വസ്ത്രം ഇന്ന് സ്വാതന്ത്ര്യത്തിന്റെ അടയാളം ആണ്. പാശ്ചാത്യ രീതിയുടെ കൈ കടത്തൽ നമ്മുടെ ഭാഷയിലും ഭക്ഷണത്തിലും വസ്ത്രത്തിലും ഉണ്ട്. പണ്ട് വസ്ത്രം കീറിയാൽ അത് തുന്നി കൂട്ടി ഉപയോഗിക്കുമായിരുന്നു. എന്നാൽ ഇന്ന് തുന്നി കൂട്ടിയ വസ്ത്രങ്ങൾ ഫാഷന്റെ പേരിൽ കീറി കളയുന്നു.
ഒരു പ്രമുഖ നടന്റെ പെൺമക്കൾ അമ്മയ്‌ക്കൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. അതിന് താഴെ വന്ന കമന്റുകൾ ഞാൻ വായിച്ചു. അമ്മയെ കൂടി ഷഡ്ഡിയും ബ്രായും ഇട്ട് നിർത്തിക്കൂടായിരുന്നു എന്നായിരുന്നു ചില വിവരദോഷികളുടെ കമന്റ്. ഇത് എന്നിൽ വിഷമമുണ്ടാക്കി. വിട്ടുവീഴ്ചകളാണ് ഞരമ്പ് രോഗികൾക്ക് വളമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post