ന്യൂഡൽഹി: ഉപഭോക്താകൾക്ക് കിടിലൻ സർപ്രൈസുമായി മുൻനിര ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ(വിഐ). വിഐ ഉപയോക്താക്കൾക്ക് അർദ്ധരാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന വാർഷിക റീചാർജ് പ്ലാനുകൾ പുറത്തിറക്കിയെന്ന സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. 3,599 രൂപ, 3,699 രൂപ, 3,799 രൂപ എന്നിങ്ങനെയുള്ള മൂന്ന് പ്ലാനുകളാണ് വിഐ പുറത്തിറക്കിയിരിക്കുന്നത്.
ഈ മൂന്ന് പ്ലാനുകളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഒരു വർഷം വരെ എല്ലാ ദിവസവും രാത്രി 12 മുതൽ ഉച്ചക്ക് 12 വരെ അൺലിമിറ്റഡ് ആയി അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. അൺലിമിറ്റഡ് ഡാറ്റയോടൊപ്പം, സൗജന്യ ഒ ടി ടി സബ്സ്‌ക്രിപ്ഷനും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3,699 രൂപയുടെ പ്ലാനിൽ ഒരു വർഷത്തേക്ക് ഡിസ്നി+ഹോട്സ്റ്റാർ, 3,799 രൂപയുടെ പ്ലാനിൽ ഒരു വർഷത്തെ ആമസോൺ പ്രൈം ലൈറ്റ് എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്യുന്നത്.
ഇതുകൂടാതെ 375 രൂപയുടെ 28 ദിവസ കാലയളവുള്ള പ്രതിമാസ പ്ലാനും വിഐ പുറത്തിറക്കിയിട്ടുണ്ട്. രാത്രി 12 മുതൽ ഉച്ചക്ക് 12 വരെ പരിധിയില്ലാതെ സൗജന്യ ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന സേവനവും ഡാറ്റ റോൾ ഓവറും ഈ പ്ലാനിലും ലഭ്യമാകും. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമബംഗാൾ, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഈ പ്ലാനുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Discussion about this post