1103 ക്ലൈന്റുകളെ ‘ആശ്രിത കുട്ടികളെന്ന് രേഖപ്പെടുത്തിയ സ്റ്റോക്ക് ബ്രോക്കര്‍ക്ക് പിഴയിട്ട് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. സെബി നടത്തിയ പരിശോധനയിലാണ് കുട്ടികളെന്ന് രേഖപ്പെടുത്തിയവരെല്ലാം 34നും 100നും ഇടയില്‍ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയത് ഇതിന് പിന്നാലെയാണ് നടപടി.
ഓരോ നിക്ഷേപകനും സ്റ്റോക്ക് ബ്രോക്കര്‍മാര്‍ യുണീക്ക് ക്ലയന്റ് കോഡ് (യുസിസി) നല്‍കണം അത് മാത്രമല്ല ഈ യുസിസികളില്‍ ഓരോന്നിലും ആ നിക്ഷേപകരെ ബന്ധപ്പെടുന്നതിനുള്ള വിശദാംശങ്ങളും ഉണ്ടായിരിക്കണം. ആ വ്യക്തിയുടെ അക്കൗണ്ടിലൂടെ അനധികൃത വ്യാപാരം നടത്താതിരിക്കാനാണ് ഇത്, അതേസമയം, ഒന്നിലധികം യുസിസികള്‍ക്ക് ബന്ധപ്പെടുന്നതിനായി ഒരേ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയും. എന്നാല്‍, അവര്‍ നിക്ഷേപകനുമായുള്ള ബന്ധം അറിയിക്കണം. പങ്കാളി, ആശ്രിതരായ കുട്ടികള്‍, ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കള്‍ എന്നിങ്ങനെയുള്ള വിശദാംശങ്ങളാണിത്.
ഇങ്ങനെ 1103 യുസിസികളുടെ ബന്ധം വിശദമാക്കുന്നിടത്ത് ‘ആശ്രിത കുട്ടികള്‍’ എന്നാണ് നല്‍കിയിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, ആശ്രിത കുട്ടികളെന്ന രീതിയില്‍ നല്‍കിയവരുടെ പ്രായം 34 വയസ്സിനും 100 വയസ്സിനും ഇടയിലാണെന്നും കണ്ടെത്തുകയായിരുന്നു.നിബന്ധനകള്‍ ലംഘിച്ചതിന് സ്റ്റോക്ക്ഹോള്‍ഡിംഗ് സര്‍വീസസിനോട് ഒന്‍പത് ലക്ഷം രൂപ പിഴ അടയ്ക്കാന്‍ സെബി ഉത്തരവിട്ടു.
ക്ലയന്റുകളുടെ വിശദാംശങ്ങള്‍ നല്‍കുമ്പോള്‍ കൃത്യമായ ജാഗ്രത പാലിക്കാതെ ഇരിക്കുക, രണ്ട് എക്സ്ചേഞ്ചുകളിലും ബന്ധപ്പെടുന്നതിന് വ്യത്യസ്തമായ വിശദാംശങ്ങള്‍ നല്‍കുക, ബന്ധപ്പെടുന്നതിന് അസാധുവായ വിശദാംശങ്ങള്‍ നല്‍കുക. ക്ലയന്റിന്റെ വിശദാംശങ്ങള്‍ക്ക് പകരം അംഗീകൃത വ്യക്തിയുടെ വിശദാംശങ്ങള്‍ നല്‍കുക, ക്ലയന്റുകളുടെ തെറ്റായ ബാങ്ക് രേഖകള്‍ നല്‍കുക എന്നിവയാണ് ലംഘനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്.
അതേസമയം, ക്ലയന്റുകളുടെ മനസ്സില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പവും മാനദണ്ഡങ്ങളിലെ മാറ്റവും മൂലമാണ് പ്രായത്തില്‍ പൊരുത്തക്കേട് ഉണ്ടായതെന്ന് സ്റ്റോക്ക് ബ്രോക്കര്‍ സെബിയെ അറിയിച്ചു.ശേഷിക്കുന്ന 156 ക്ലയന്റുകള്‍ തങ്ങളുടെ ഇടപാടുകള്‍ താത്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും ബ്രോക്കര്‍ പറഞ്ഞു.
അതേസമയം, ചൂണ്ടിക്കാണിച്ച നിരീക്ഷണങ്ങളില്‍ ഭൂരിഭാഗവും ബ്രോക്കര്‍ തിരുത്തിയതായി സെബിയുടെ അഡ്ജുഡിക്കേറ്റിംഗ് ഓഫീസര്‍ അമര്‍ നവ്ലാനി ചൂണ്ടിക്കാട്ടി.സ്റ്റോക്ക് ബ്രോക്കര്‍ തുടര്‍ച്ചയായി ലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതായും വ്യക്തമാക്കി.
Discussion about this post